വ്യാജ രേഖ ഉണ്ടാക്കി പളളി അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; ബിഷപ്പ് റസാലം നാലാം പ്രതി

0 183

 

തിരുവനന്തപുരം: വ്യാജ രേഖ ഉണ്ടാക്കി പളളി അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെതിരെ കേസ്. ബിഷപ്പ് അടക്കം നാല് പേര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം മലമുകള്‍ സിഎസ്‌ഐ പള്ളിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്. പളളിയുടെ പ്രസിഡന്റ് ശാമുവേലാണ് ഒന്നാം പ്രതി. ദക്ഷിണകേരള മഹാഇടവക ഫിനാന്‍ഷ്യല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ. ബെന്നറ്റ് എബ്രഹാം രണ്ടാം പ്രതിയാണ്. ഇരുവരും ചേര്‍ന്ന് പള്ളിയുടെ പേരിലുള്ള ചെക്ക് ഉപയോഗിച്ച്‌ ഒരു ലക്ഷത്തി എണ്ണായിരം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. തട്ടിപ്പിന് കൂട്ടുനിന്നു എന്നതാണ് സിഎസ്‌ഐ സഭ മോഡറേറ്ററായ ധര്‍മ്മരാജ് റസാലത്തിനെതിരായ കേസ്. കേസില്‍ നാലാം പ്രതിയാണ് ബിഷപ്പ്. നന്ദന്‍കോട് എസ്ബിഐ ബാങ്ക് മാനേജര്‍ മോളി തോമസിനെതിരെയും കേസുണ്ട്.

പളളി ഭാരവാഹികളിലൊരാള്‍ 2018 ല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പളളിയുടെ 2017 വരെയുളള വരുമാനം നന്തന്‍കോട് എസ്ബിഐ ശാഖയിലാണ് നിക്ഷേപിച്ചിരുന്നത്. സഭ അംഗങ്ങള്‍ അറിയാതെ ഡോ. ബെന്നറ്റ് എബ്രഹാമും ശാമുവേലും കൂടി പണം തട്ടിയെന്നാണ് കേസ്. പ്രതികള്‍ ഈ മാസം 21 ന് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. കാരക്കോണം മെഡിക്കല്‍ കോളേജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട കേസിലും ബിഷപ്പ് ധര്‍മരാജ് റസാലത്തിനും ബെന്നറ്റ് എബ്രഹാമിനുമെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.