വ്യാജ തൊഴില്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ സജീവം: യുവജനങ്ങള്‍ ജാഗ്രത പാലിക്കണം

0 105

 

 

വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളുടെ പണം തട്ടിയെടുക്കുന്ന വ്യാജ തൊഴില്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ സംസ്ഥാനത്ത് സജീവമാണെന്നും അതിനാല്‍ യുവജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജേറോം പറഞ്ഞു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യുവജന കമ്മീഷന്‍ ജില്ലാതല അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിവിധ ജില്ലകളില്‍ നിന്നായി 30 ഓളം പരാതികള്‍ വ്യാജ തൊഴില്‍ റിക്രൂട്ടമെന്റ് ഏജന്‍സികളുടെ തട്ടിപ്പിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ യുവജന കമ്മീഷനില്‍ നല്കിയിട്ടുണ്ട്. യുവജന കമ്മീഷന്‍ ഇടപ്പെട്ട പരാതികളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടമായ പണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ തട്ടിപ്പിനിരയായിട്ടും പരാതിപ്പെടാത്ത ഭൂരിഭാഗം പേര്‍ക്കും പണം തിരിച്ചു കിട്ടുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.വിദേശ തൊഴില്‍ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും സുതാര്യത ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ തുടര്‍ നടപടികളിലേക്ക് കടക്കാവൂയെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. വിദേശത്തുള്ള പഠനത്തോടെപ്പം പാര്‍ട്ട്‌ടൈമായി തൊഴിലും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘവും ഉണ്ട്. വിദേശത്തേക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് കബളിപ്പിക്കപ്പെട്ടുവെന്നാരോപിച്ച്‌ ജില്ലയില്‍ നിന്നും പുതുതായി രണ്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പു വരുത്തുന്നതിനും പരാതിയുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണത്തിനും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു..

കോഴിക്കോട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനം വിദേശത്തേക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ വീതം രണ്ട് യുവാക്കളില്‍ നിന്ന് തട്ടിയെടുത്തുവെന്ന പരാതിയില്‍, തുക നഷ്ടപ്പെട്ട യുവാക്കളുടെ അക്കൗണ്ടിലേക്ക് സ്ഥാപനം പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അദാലത്തില്‍ അറിയിച്ചു.ഈ സ്ഥാപനത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കുമെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി

Get real time updates directly on you device, subscribe now.