ആകാശത്തോളം ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളില്‍ ആടിയുലയുന്ന എണ്ണക്കപ്പല്‍; ആഴക്കടലിലെ ഞെട്ടിക്കുന്ന വീഡിയോ കാണാം..

0 2,555

രയിലിരിക്കുന്നവര്‍ക്ക് കടലിന്‍റെ ആഴമറിയില്ലെന്ന് പറയുന്ന പോലെയാണ്, കടലിലിരിക്കുന്നവര്‍ക്ക് അതിന്‍റെ കരുത്തും അറിയില്ല. കരയില്‍ നിന്നും തികച്ചും വിഭിന്നമാണ് കടല്‍. നിന്ന നില്‍പ്പില്‍ കടലില്‍ അത്ഭുതങ്ങള്‍ കാണാമെന്ന് പഴയ കപ്പല്‍ ജോലിക്കാര്‍ പറയുന്നതില്‍ കാര്യമില്ലാതില്ല. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍റര്‍നെറ്റില്‍ വൈറലായി. അതിശക്തമായ കടല്‍ത്തിരയില്‍ ആടിയുലയുന്ന ഒരു കപ്പലിന്‍റെ വീഡിയോ ആയിരുന്നു അത്. ശക്തമായ തിരമാലയെ കപ്പല്‍ അതിജീവിക്കുമെന്ന് കരുതാന്‍ തന്നെ പ്രയാസം. അത്രയ്ക്ക് ശക്തമായിരുന്നു തിരയിളക്കവും കാറ്റും.

ഭീമാകാരമായ എണ്ണക്കപ്പലിന്‍റെ ഏറ്റവും മുകളിലെ ഡക്കില്‍ നിന്നും ചിത്രീകരിച്ച 14 സെക്കന്‍റ് മാത്രമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 21 ന് @OTerrifying എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ശബ്ദമില്ല. എന്നാല്‍ ദൃശ്യങ്ങള്‍ അത്രമേല്‍ ഭീതിജനകമാണ്. അതിശക്തമായ കാറ്റില്‍ ഉയര്‍ന്നുപൊങ്ങുന്ന കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് എണ്ണക്കപ്പല്‍ ആടിയുലയുകയാണ്. ചില നിമിഷങ്ങളില്‍ കപ്പല്‍ ആകാശത്താണെന്ന പ്രതീതിയാണുള്ളത്. അത്രയ്ക്ക് ഉയരത്തിലേക്ക് കപ്പലിനെ തിരമാലകള്‍ എടുത്തുയര്‍ത്തുന്നു. എന്നാല്‍ അടുത്ത നിമിഷം അത് പോലെ തന്നെ താഴ്ത്തുകയും ചെയ്യുന്നു.

നിമിഷ നേരമുള്ള വീഡിയോ വീണ്ടും കണ്ടാല്‍ അതിന്‍റെ ഭ്രമകാത്മകമായ ചിത്രീകരണത്തില്‍ നിങ്ങളും പെട്ടുപോകും. ശബ്ദമില്ലാതെ, കാഴ്ചകൊണ്ട് മാത്രം വീഡിയോ കാഴ്തക്കാരനെ അതിശയിപ്പിക്കുന്നു. ഒരു നിമിഷം ആ വീഡിയോ ചിത്രീകരിച്ചിരിക്കുന്ന ആളെ കുറച്ച് ഓര്‍ത്താല്‍ അതിലേറെ ഭയാനകത നമ്മുക്ക് അനുഭവപ്പെടും. അത്രയും ശക്തമായി ഉലയുന്ന ഒരു കപ്പലില്‍ നിന്ന് അത്തരത്തില്‍ വീഡിയോ ചിത്രീകരിക്കാന്‍ അസാമാന്യമായ ധൈര്യം ആവശ്യമാണ്. വീഡിയോ ഇതിനകം 9 ലക്ഷത്തിലേറെ പേര്‍  കണ്ട് കഴിഞ്ഞു. നിരവധി തവണ പങ്കുവയ്ക്കപ്പെട്ട വീഡിയോ 50,000ത്തിന്മേലെ ലൈക്കുകളും നേടി. നിരവധി രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി പേര്‍ ‘WOW’എന്ന് അതിശയപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ വീഡിയോ വ്യാജമാണെന്ന് അഭിപ്രായപ്പെട്ടു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തിരമാല 1993 ല്‍ ഡേടോണ ബീച്ചിന് സമീപത്ത് 27 മീറ്റര്‍ ഉയരത്തില്‍ അടിച്ചതാണെന്നും ഈ വീഡിയോ മോര്‍ഫ് ചെയ്തതാണെന്നും വ്യാജമാണെന്നും മറ്റ് ചിലര്‍ എഴുതി.