വയനാടിന്‍റെ ആഗോള വ്യവസായിക്ക് വിട; അറക്കല്‍ ജോയിയുടെ മൃതദേഹം സംസ്കരിച്ചു

0 3,909

വയനാടിന്‍റെ ആഗോള വ്യവസായിക്ക് വിട; അറക്കല്‍ ജോയിയുടെ മൃതദേഹം സംസ്കരിച്ചു

 

മാനന്തവാടി: ദുബൈയില്‍ അന്തരിച്ച പ്രവാസി വ്യവസായി അറക്കല്‍ ജോയിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച്‌ സംസ്കരിച്ചു. മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ ഇടവകയായ കണിയാരം സ​​െന്‍റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാര ചടങ്ങുകള്‍.

 

പ്രത്യേക വിമാനത്തില്‍ ദുബൈയില്‍നിന്നും ഇന്നലെ രാത്രി എട്ടോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രാത്രി 12ഓടെ മാനന്തവാടിയില്‍ ജോയിയുടെ വസതിയായ അറക്കല്‍ പാലസില്‍ എത്തിച്ചു. ജോയിയുടെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍ ജോയി, ആഷ്ലിന്‍ ജോയ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.

 

നേരത്തെ തയാറാക്കി പട്ടികയില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 20 പേര്‍ മാത്രമാണ് അന്തിമോപചാരം അര്‍പ്പിച്ചത്. ഏഴോടെ ഏതാനും വാഹനങ്ങളുടെ അകമ്ബടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് വിലാപയാത്ര ആരംഭിച്ചു. ഏഴരയോടെ പള്ളിയില്‍ എത്തിച്ച മൃതദേഹം പ്രാര്‍ഥനകള്‍ക്ക് ശേഷം മാതാവിന്‍റെ കല്ലറയോട് ചേര്‍ന്നുള്ള കുടുംബ കല്ലറയില്‍ സംസ്കരിച്ചു.

 

എട്ടുമണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സംസ്കാര ശുശ്രൂഷകള്‍ക്ക് കത്തീഡ്രല്‍ പള്ളി വികാരി ഫാ. പോള്‍ മുണ്ടോലിക്കല്‍ കാര്‍മികത്വം വഹിച്ചു. എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ രാവിലെ അറക്കല്‍ പാലസിലെത്തി റീത്ത് സമര്‍പ്പിച്ചു. ജില്ല ഭരണകൂടത്തിന് വേണ്ടി എ.ഡി.എം തങ്കച്ചന്‍ ആന്‍റണി റീത്ത് സമര്‍പ്പിച്ചു. പൊലീസിന് വേണ്ടിയും ഉദ്യോഗസ്ഥരെത്തി അന്തിമോപചാരമര്‍പ്പിച്ചു.

 

കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി പ്രദേശത്ത് ജില്ല കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച്‌ മാനന്തവാടി ടൗണിലും പരിസരങ്ങളിലും നിരീക്ഷണം നടത്തി.

 

ബര്‍ ദുബൈയിലെ ബിസിനസ് ബേയില്‍ ഏപ്രില്‍ 23നായിരുന്നു 14നില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ജോയി അറക്കല്‍ മരിക്കുന്നത്. മരണം ആത്മഹത്യയാണെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈസ്റ്ററിന് വരും എന്ന് അറിയിച്ച്‌ ദുബൈയിലേക്ക് പോയ ജോയിയുടെ മൃതദേഹം അറക്കല്‍ പാലസിലേക്ക് കൊണ്ടുവന്നപ്പോള്‍ പിതാവ് ഉലഹന്നാനും സഹോദരന്‍ അറക്കല്‍ ജോണിയും വിതുമ്ബി. ഇടയ്ക്കിടെ നാട്ടില്‍ വരികയും നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന ജോയി നാലുമാസം മുമ്ബാണ് അവസാനമായി നാട്ടില്‍ വന്നുപോയത്.