വയനാട് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരിലൊരാൾ ഇന്നലെയും ജോലി ചെയ്തു.

0 1,139

വയനാട് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരിലൊരാൾ ഇന്നലെയും ജോലി ചെയ്തു. മുത്തങ്ങ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ മാനന്തവാടി ഡിവൈഎസ്പിയോടൊപ്പം ഇദ്ദേഹം യാത്ര ചെയ്തെന്ന് കണ്ടെത്തി. നേരത്തെ രോഗം വന്നയാളുടെ രണ്ടാംതല സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ആളായിട്ടും ഡ്യൂട്ടി തുടർന്ന സാഹചര്യത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.

മേയ് പത്തിന് കോവിഡ് സ്ഥിരീകരിച്ച യുവാവ് കഴിഞ്ഞ മാസം 28നും ഈ മാസം രണ്ടിനും ലോക്ഡൗൺ ലംഘന കേസുമായി ബന്ധപ്പെട്ടു മാനന്തവാടി സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് മാനന്തവാടി സ്റ്റേഷനിലെ 24 പേരുടെ സാംപിളുകൾ ഇക്കഴിഞ്ഞ തിങ്കളാഴ്ച പരിശോധനക്ക് അയച്ചു. ഇതിൽ രണ്ടെണ്ണം പോസിറ്റീവായി. ഇതിലൊരാൾ ഇന്നലെയും ജോലിയെടുത്തു. ഫലം വരുന്നത് വരെ ക്വാറന്റീനിൽ കഴിഞ്ഞെങ്കിൽ ആശ്വാസമാകുമായിരുന്നു.

കമാൻഡോ വിഭാഗത്തിൽപ്പെട്ട ഇയാൾ ഇന്നലെ മാനന്തവാടി ഡിവൈഎസ്പിയ്ക്കൊപ്പം മുത്തങ്ങ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയിട്ടുണ്ട്‌. ആ സമയം വയനാട് എസ്പിയും സ്ഥലത്ത് ഉണ്ടായിരുന്നു. ഡിവൈഎസ്പിയുടെ ചുമതല മാനന്തവാടി എഎസ്പിക്ക് നൽകി. ഇന്നലെ മാനന്തവാടി സ്റ്റേഷനിൽ ജോലി ചെയ്ത മുഴുവൻ ആളുകളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.

സ്റ്റേഷനിലേക്ക് പൊതുജനത്തെ പ്രവേശിപ്പിക്കില്ല. കൂടുതൽ പൊലീസുകാർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യത ഉണ്ട്. കൂടുതൽ ഉയർന്ന ഉദ്യോഗസ്ഥർ സമ്പർക്കപ്പട്ടികയിൽ വന്നേക്കും. അങ്ങനെയെങ്കിൽ ജില്ലയിലെ പൊലീസ് പ്രവർത്തനം താളം തെറ്റാനും സാധ്യതയുണ്ട്.