കുരങ്ങുപനി; വയനാട്ടില്‍ മരണം മൂന്നായി, നാലുപേര്‍ ചികിത്സയില്‍
കല്‍പറ്റ: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി. കാട്ടിക്കുളം കോളനിയിലെ കേളുവിന്‍റെ മരണം കുരങ്ങുപനി മൂലമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം മൂന്നായി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേയാണ് തിരുനെല്ലി പഞ്ചായത്ത് കാട്ടിക്കുളം കോളനിയിലെ കേളു കഴിഞ്ഞ ദിവസം മരിച്ചത്. നിലവില്‍ ചികിത്സയിലുള്ള നാലുപേര്‍ക്ക് കുരങ്ങുപനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 29 പേര്‍ക്കാണ് ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ബാധിച്ചത്.
കുരങ്ങുപനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ല ഭരണകൂടം കര്‍ശന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തില്‍ പനിബാധിത മേഖലയിലുള്ളവര്‍ കാട്ടിനുളളിലേക്ക് പോകുന്നത് കര്‍ശനമായി വിലക്കി. ബത്തേരിയില്‍ വൈറോളജി ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അനുമതി തേടിയതായും ജില്ല കലക്ടര്‍ അറിയിച്ചു.