മനുഷ്യ-വന്യജീവി സംഘർഷം തടയാൻ 18 ഇന നിർദ്ദേശങ്ങളുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി

0 314

വയനാട്: മനുഷ്യ-വന്യജീവി സംഘർഷം തടയാൻ 18 ഇന നിർദ്ദേശങ്ങളുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി. വയനാട് പ്രകൃതി സംരക്ഷണ സമിതി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ഇങ്ങനെ ..

വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ കുറിപ്പ്

വന പരിസരത്തും വനമദ്ധ്യത്തിലുമുള്ള ഗ്രാമങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം അതീവ ഗുരുതരാവസ്ഥയിലെത്തി നിൽക്കുകയാണ്. ഭീമമായ തോതിൽ മനുഷ്യരുടെയും അതിന്റെ പതിന്മടങ്ങ് വന്യജീവികളുടെയും ജീവനഷ്ടം ഉണ്ടായിട്ടുണ്ട്. കോടികളുടെ കൃഷിനാശവും സംഭവിച്ചു കഴിഞ്ഞു. ഇത് അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കയാണെങ്കിലും വനം വകുപ്പും സർക്കാറും ഗൗരവതരമായി പ്രശ്നത്തെ ഇന്നു വരെ അഭിമുഖീകരിച്ചിട്ടില്ല. കുറ്റകരമായ നിസ്സംഗതയാണ് ഇക്കാര്യത്തിൽ സർക്കാർ പുലർത്തിയതെന്ന് പറയാതെ തരമില്ല. അതീവ ഗുരുതരമായ ഈ പ്രശ്നത്തിൽ, സംഘർഷ ലഘൂകരണത്തിനായി കർഷകരിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും മറ്റും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുംസ്വീകരിക്കാൻ വനം വകുപ്പ് തീരുമാനിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

സംഘർഷം മനുഷ്യരുടെ സൃഷ്ടിയാണ്. വന്യജീവികളുടെ ആവാസസ്ഥാനങ്ങളിൽ വൻ തോതിൽ ഉണ്ടാക്കിയ ശോഷണമാണ് സംഘർഷത്തിന്റെ മൂലകാരണം. വന്യജീവികളുടെ തീറ്റയും വെള്ളവും സ്വസ്ഥതയും അവയുടെ വാസസ്ഥലത്ത് ഉറപ്പ് വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. തകർക്കാനെടുത്തതിനേക്കാൾ സമയമെടുക്കുന്നതും ശ്രമകരവുമാണ് പുനസ്ഥാപനം. അതുകൊണ്ട് തന്നെ പുനസ്ഥാപനത്തിന്റെ കാലയളവിൽ സംഘർഷം തടയുന്നതിനോ ലഘൂകരിക്കുന്നതിനോ ഉള്ള ശ്രമങ്ങളും സുപ്രധാനമാണ്. ഇല്ലെങ്കിൽ പുനസ്ഥാപനം സാധ്യമല്ലാതെയും വരും. രണ്ടും രണ്ടായി, എന്നാൽ തുല്യ പ്രാധാന്യത്തോടെ കാണണം.

പ്രതിരോധ മാർഗങ്ങൾ അതാത് പ്രദേശത്തിന്റെയും വനത്തിന്റെയും പ്രത്യേകതകൾക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഇപ്പോൾ ചെയ്തു വരുന്ന കിടങ്ങ്, സോളാർ ഫെൻസ്, റെയിൽ ഫെൻസിംഗ്, മതിൽ തുടങ്ങിയവയൊക്കെ പരിമിതികൾ ഉള്ളതെങ്കിലും പരിച്ഛേദം ഒഴിവാക്കാവുന്നവയല്ല. ഉദാഹരണത്തിന് കുരങ്ങ് സംഘർഷം രൂക്ഷമായ സ്ഥലത്ത് ഇവയൊന്നും പരിഹാരമാകണമെന്നില്ല.
ഈ കാര്യത്തിൽ നഷ്ടപരിഹാരം ന്യായവും നീതിയുക്തവും വേഗത്തിലുമാക്കുക നിർബന്ധമാണ്. ആദ്യകാലത്ത് കാട്ടുപന്നികൾ നഷ്ടപരിഹാരത്തിന്റെ പട്ടികയിൽ ഇല്ലാതിരുന്നത് വലിയ പ്രശ്നമായിരുന്നത് ഓർക്കുമല്ലോ.

1 – വന്യജീവികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന വാദ്യം ചിലർ ശക്തമായി ഉയർത്തുന്നുണ്ടെങ്കിലും ഇന്ന് രൂക്ഷതരമായിട്ടുള്ള സംഘർഷത്തിന്റെ കാരണം വന്യജീവികളുടെ എണ്ണത്തിലെ വർദ്ധനവല്ലെന്നത് നിസ്സംശയമാണ്. കേരളത്തിലെ വനങ്ങളുടെ ഭൂവിസ്തൃതി കാര്യമായ വ്യത്യാസമില്ലാതെ തുടരുന്നുണ്ടെങ്കിലും വനത്തിന്റെ ഗുണനിലവാരം വൻ തോതിൽ ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി ധർമ്മം നിർവ്വഹിക്കാൻ കെൽപ്പുള്ള യഥാർത്ത വനം നന്നെ ശുഷ്കമായിക്കൊണ്ടിരിക്കുന്നു. ഏകവിളത്തോട്ടങ്ങൾ , കാട്ടുതീ , ടൂറിസം , കന്നുകാലിമേയ്ക്കൽ , അധിനിവേശ സസ്യങ്ങളുടെ വ്യാപനം തുടങ്ങിയവയും റോഡുകൾ, ഖനനം തുടങ്ങിയ വികസന പ്രവർത്തനങ്ങളും നഗരവൽക്കരണവും ഒക്കെയാണ് മുഖ്യകാരണങ്ങൾ . അതുകൊണ്ട് ആവാസ വ്യവസ്ഥാ പുനരുജ്ജീവത്തിനായി ശുപാർശകർ സമർപ്പിക്കാൻ ഉടനടി ഒരു വിദഗ്ദ സമിതിയെ നിയോഗിക്കണം.

2- ടൂറിസം കർക്കശമായി നിയന്ത്രിക്കുകയും ഏകവിളത്തോട്ടങ്ങൾ ക്രമേണ സ്വാഭാവിക വനമായി പുന:പരിവർത്തിപ്പിക്കുകയും വേണം. അധിനിവേശ സസ്സ്യങ്ങൾ നശിപ്പിക്കാനും കന്നുകാലി മേച്ചിൽ തടയാനും നടപടികൾ വേണം . കാട്ടുതീ പ്രതിരോധിക്കണം. കാട്ടുതീ തടയാനെന്ന പേരിൽ സമീപകാലത്ത് തുടങ്ങിയ നിയന്ത്രിത കത്തിക്കൽ ( controld burning) അടിയന്തിരമായി നിർത്തിവെക്കണം.

3 – കാടും നാടും വേർതിരിക്കണമെന്ന് പലരും പറയുന്നുണ്ടെങ്കിലും സംഘർഷം അത്യന്തം രൂക്ഷതരമായ വയനാട് പോലുളള പ്രദേശങ്ങളിൽ അത് അപ്രായോഗികമാണ്. നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വയർ ഫെൻസിംഗ് , കിടങ്ങുകൾ , റെയിൽ ഫെൻസിംഗ് , മതിലുകൾ എന്നിവയൊന്നും നൂറു ശതമാനം ഫല പ്രദമല്ല. എന്നാൽ ഇവയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടക്കുന്നുണ്ട്. നിലവാരം കുറഞ്ഞ സാമഗ്രികൾ രണ്ടും മൂന്നും ഇരട്ടി വിലക്ക് വാങ്ങിയാണ് വനം വകുപ്പ് ഉപയോഗിക്കുന്നത്. കിടങ്ങുകൾ മാനദണ്ഡങ്ങൾക്ക് അനുസൃതമായല്ല നിർമ്മിക്കുന്നത്. കാലാകാലങ്ങളിൽ അറ്റു കുറ്റപ്പണികൾ ചെയ്യുന്നില്ല. ഈ അവസ്ഥയ്ക്ക് അറുതിയുണ്ടായാൽ തന്നെ പ്രയോജനം ഇന്നത്തെതിന്റെ ഇരട്ടിയിൽ അധികമാക്കാൻ സാധിക്കും. ഇവയുടെ സ്ഥാപനവും സംരക്ഷണവും അടക്കമുളള മുഴുവൻ ചുമതലും ഗ്രാമപഞ്ചായത്തുകളുട ഉത്തരവാദത്തിൽ ജനകീയ കമ്മറ്റികൾക്കു കൈമാറണം. നിലവിലുള്ള കിടങ്ങുകൾ, ഫെൻസിംഗ്, മതിലുകൾ തുടങ്ങിയവയുടെ ഇന്നത്തെ അവസ്ഥയും ഇതിനോടകം അവയ്ക്ക് ചിലവായ പണവും മറ്റു വിവരങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുകയും വനം വകുപ്പിന്റെ വിശ്യാസ്യത വർദ്ധിപ്പിക്കുകയും വേണം.

4 – സ്വയം സരക്ഷിക്കുന്നതാണ് ഏറ്റവും നല്ല സംരക്ഷണം. ഷോക്ക് ഫെൻസിംഗ് ,വേലി ,തുടങ്ങിയ പ്രതിരോധ സംവിധാനത്തിന്ന് വ്യക്തികൾക്ക് നേരിട്ട് വനം വകുപ്പ് പണം നൽകണം. ചിലവിന്റെ 75 ശതമാനമെങ്കിലും സബ്സിഡിയും വാർഷിക സംരക്ഷണ ചെലവിനുള്ള അവൻസും കൊടുക്കേണ്ടതാണ്.

5 – വയനാട്ടിലും മലയോര മേഖലയിൽ പലയിടത്തും നെൽവയലുകളിൽ Community guarding (സമൂഹ കാവൽ ) മുൻപുണ്ടായിരുന്നു . വനം വകുപ്പും ഗ്രാമസഭകളും മുൻകൈയെടുത്ത് അതു പുന:സ്ഥാപിക്കണം. കാവൽക്കാർക്കുള്ള വേതനം വനം വകുപ്പ് നൽകേണ്ടതാണ്.

6- വന്യജീവികൾ രാഷ്ട്രത്തിന്റെ സ്വത്തും അഭിമാനവുമാണെന്ന് എല്ലാവരും ഉദ്ഘോഷിക്കാറുണ്ട്. അവയെ സംരക്ഷിക്കേണ്ടത് വനപരിസരത്തുള്ള കർഷകരുടെ മാത്രം ബാധ്യത എന്ന നില മാറണം. വനത്തോടു ചേർന്ന ഭാഗത്തുളള കൃഷിയിടങ്ങളിലെ വന്യജീവി സാന്നിധ്യത്തിന്റെ സാന്ദ്രതയനുസരിച്ച് കർഷകർക്ക് ഇൻസെൻറ്റീവ് (Incentive) നൽകണം. അവരുടെ വിളകൾക്കും ജീവനും സംസ്ഥാന സർക്കാർ പ്രീമിയം അടച്ച് ഇൻഷൂറൻസ് ഏർപ്പെടുത്തണം.

7- കാർഷിക വിളകൾക്കു ഇപ്പോൾ നൽകി വരുന്ന നഷ്ടപരിഹാരം കർഷകരെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമാണ്. കൃഷി വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും പഴയ മാനദണ്ഡമനുസരിച്ചാണ് ഇപ്പോൾ നഷ്ടം കണക്കാക്കുന്നത്. നഷ്ടപരിഹാരത്തുക അടിയന്തിരമായി വർധിപ്പിക്കേണ്ടതുണ്ട്. അതിന് കാലതാമസം വരികയാണെങ്കിൽ ഇടക്കാലത്തേക്ക് നിലവിലുളളതിന്റെ ഇരട്ടിയാക്കി ഉയർത്തണം. ഒരു ഹെക്ടർ നെൽകൃഷിക്ക് 80000 രൂപ ചിലവു വരുമ്പോൾ നഷ്ടപരിഹാരം 11000 രൂപയാണ്. അത് എട്ടിരട്ടിയെങ്കിലുമാക്കി വർദ്ധിപ്പിക്കണം. നെല്ല് തുടങ്ങിയ ഹൃസ്വ വിളകൾക്ക് താങ്ങുവില കണക്കാക്കി നഷ്ടം കൊടുക്കണം. തെങ്ങ് തുടങ്ങിയവയ്ക്ക് പ്രതിവർഷആദായത്തിന്റെ പത്തു ഇരട്ടി തുക കണക്കാക്കി നൽകണം. കാലവിളംഭം അവസാനിപ്പിച്ച് പരമാവധി ഒരാഴ്ച കൊണ്ട് നൽകുകയും നടപടിക്രമങ്ങൾ ലഘൂകരിക്കുകയും വേണം. മരണപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയെങ്കിലുമാക്കി വർധിപ്പിക്കണം. നഷ്ടപരിഹാര നിർണ്ണയത്തിന് വാർഡ് മെമ്പറും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൃഷി ഉദ്യോഗസ്ഥരുമടങ്ങിയ കമ്മറ്റികൾ രൂപീകരിക്കണം.

8 – പല വനമേഖലകളും ഒറ്റപ്പെട്ട തുരുത്തുകളായി മാറിപ്പോയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ തന്നെ ടൂറിസം റിസോർട്ടുകൾ, ഹോം സ്റ്റേകൾ തുടങ്ങിയവയും വൻ നിർമ്മിതികളും അഭംഗുരം തുടരുന്നു. ആനത്താരകളിലും വനമേഖലയിലെയും ഇത്തരം സ്ഥാപനങ്ങൾ അടിയന്തിരമായി നിരോധിക്കുകയും നിലവിലുള്ളവ പൊളിച്ചു നീക്കുകയും വേണം.

9 – കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ധനസഹായത്തോടെ വയനാട്ടിൽ നടപ്പിലാക്കിയ സ്വയം സന്നദ്ധ പുനരധിവാസപദ്ധതി വൻ വിജയമാണ്. വനം വകുപ്പിന്റെ ഈ അഭിമാന സംരംഭത്തെ റവന്യൂ ഉദ്യോഗസ്ഥർ തുരങ്കം വയ്കുന്നുണ്ട്. KIlFB ഫണ്ടുപയോഗിച്ച് റീബിൽഡ് കേരള പദ്ധതിയിൽ ടെറിട്ടോറിയൽ ഡിവിഷനുകളിലും സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി തുടങ്ങാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി കുറ്റമറ്റ രീതിയിൽ വ്യാപകമായും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുകയും വേണം. പുനരധിവസിപ്പിക്കപ്പെട്ടവരുടെ തത്സ്ഥിതി പഠിക്കുകയും അവർക്ക് വേണ്ട പശ്ചാത്തല സൌര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും വേണം.

10 – കേരളത്തിൽ 85 ഓളം ഇക്കോടൂറിസം കേന്ദ്രങ്ങൾ ഉണ്ട്. MOEF& CCയുടെ നിർദ്ദേശമനുസരിച്ചുള്ള വാഹകശേഷി പഠനമോ ( Carrying capacity study ) ഗൈഡ് ലൈനോ ഇല്ലാതെയാണ് ഇവയത്രയും പ്രവർത്തിക്കുന്നത് . ഇവയിൽ നിന്നുളള ഓഡിറ്റിന്ന് വിധേയമാകാത്ത കൂറ്റൻ വരുമാനം FDA കൾ അവർക്കിഷ്ടപ്പെട്ട രീതിയിൽ ചിലവഴിക്കുകയാണ്. വാഹകശേഷി നിർണ്ണയം , ഗൈഡ്ലൈൻ എന്നിവ ഉടനടി നടപ്പാക്കുകയും ടൂറിസത്തിൽ നിന്നുള്ള വരുമാനം മുഴുവൻ മനുഷ്യ – വന്യജീവി സംഘർഷം കുറക്കാനും കാട്ടുതീ തടയാനുമായി ഉപയോഗിക്കുകയും വേണം.

11- കാടിന്ന് പുറത്ത് ആവാസ വ്യവസ്ഥയുളളതും കാട് ആവാസവ്യവസ്ഥയായതുമായ വന്യജീവികൾ ഉണ്ടു. രണ്ടിനും രണ്ടു തരം പരിപാലന മുറകളും പ്രതിരോധ മുറകളും ആവിഷ്കരിക്കണം. കാട്ടിൽ നിന്നും കൃഷിയിടത്തിലിറങ്ങുന്ന വന്യജീവികളെ പിടികൂടി ഉൾക്കാടിനകത്തേക്കു വിടാനുള്ള സ്ഥിരം സംവിധാനമുണ്ടാക്കുകയും നിരന്തരം പ്രശ്നമുണ്ടാക്കുന്ന ജീവികളെ പിടികൂടി റിലൊക്കേറ്റ് ചെയ്യുകയും വേണം.
12- പന്നിയെ ഷെഡ്യൂൾ 5 ൽ ഉൾപ്പെടുത്തി നിശ്ചിത കാലത്തേക്ക് Vermin ആയി പ്രഖ്യാപിക്കുകയും കൃഷിയിടത്തിലെത്തുന്നവയെ കൊല്ലാൻ അനുവദിക്കുകയും വേണം.

13 – ഫോറസ്റ്റ് മാനേജ്മെന്റ് സമിതികൾ രൂപീകരിക്കണമെന്ന MOEF&CCയുടെ മാനദണ്ഡങ്ങളോ നിർദ്ദേശങളാ സംസ്ഥാന വനം വകുപ്പ് നടപ്പിലാക്കുന്നില്ല. വന്യജീവി കേന്ദ്രങ്ങൾക്ക് മാനേജ്മെന്റ് കമ്മറ്റികൾ വേണമെന്ന് നിർദ്ദേശമുണ്ട്. കേരളത്തിലെ മുഴുവൻ വനം ഡിവിഷനുകൾക്കും മാനേജ്മെന്റ് കമ്മറ്റികൾ സമയബന്ധിതമായി രൂപീകരിക്കണം.

14 തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ കാടിനകത്ത് കുഴിയെടുക്കുന്നതും പാതയോരത്തെ കാടുവെട്ടിത്തെളിയിക്കുന്നതും വനനാശമുണ്ടാക്കുന്നതും വ്യാപകമാണിപ്പോൾ. അവ നിർത്തണം. കമ്യൂണിറ്റി ഗാർഡിംഗ് , ട്രഞ്ചുകളുടെ അറ്റകുറ്റപ്പണികൾ, അധിനിവേശ സസ്യങ്ങളുടെ ഉന്മൂലനം എന്നിവയ്ക്ക് മാത്രമെ തൊഴിലുറപ്പു പദ്ധതി കാടിനുകളിൽ അനുവദിക്കാവൂ

15- പരിമിതമായ കാലത്തേക്ക് കാടിനുള്ളിലെ തുറസ്സായ സ്ഥലങ്ങളിൽ തദ്ദേശീയമായ പുൽവർഗ്ഗങ്ങളും ചില ചെടികളും നട്ടുപിടിപ്പിക്കാവുന്നതാണ്. ആവാസസ്ഥാനങ്ങൾ മെച്ചപ്പെടുന്നതോടെ ഇത് അവസാനിപ്പിക്കാം.

16- വനം വകുപ്പുദ്യോഗസ്ഥരും പ്രാദേശിക സമൂഹവുമായി ഉള്ള ബന്ധം അനുദിനം കുറഞ്ഞുവരികയാണ്. ടൈബൽ വകുപ്പും കൃഷി വകുപ്പും പഞ്ചായത്തും ആയുളള ബന്ധം ഏറ്റവും പരിതാപകരാണ്. ഇത് പുനസ്ഥാപിക്കണം.

17 – മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കാനും അഭിമുഖീകരിക്കാനുമുള്ള ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തുകൾക്ക് നൽകാനുള്ള നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്റെ നിർദ്ദേശം ഏറെ സ്വാഗതാർഹമാണ്. കേരളത്തിൽ അത് ഉടനടി നടപ്പാക്കുകയും പഞ്ചായത്തുകളെ ഇതിനായി പരിശീലിപ്പിക്കുകയും ചെയ്യണം.

18 – വയനാട്ടിലെ വന്യജീവി സംഘർഷം കുറക്കുന്നതും ജൈവ ജില്ലയായി മാറുന്നതും പരസ്പരബന്ധിതമാണ്. . ജൈവജില്ലയായി പ്രഖ്യാപിക്കാൻ വനം വകുപ്പ് മുൻ കൈ എടുക്കണം.