‘ഞങ്ങളുടെയൊക്കെ പ്രാർഥന കൂടെയുണ്ട്, വേഗം തിരിച്ചുവരണം’; വാവാ സുരേഷിനായി പ്രാർത്ഥനയോടെ താരങ്ങൾ

0 607

മൂർഖൻ പാമ്പിന്റെ (snake) കടിയേറ്റ് ​കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന വാവ സുരേഷിനായി(vava suresh) പ്രാർത്ഥനയോടെ സിനിമാ താരങ്ങൾ. സീമ ജി നായര്‍, സന്തോഷ് പണ്ഡിറ്റ്, ബിനീഷ് ബാസ്റ്റിന്‍, ജയറാം, സുബി സുരേഷ്, ലക്ഷ്മി പ്രിയ, നാദിര്‍ഷ തുടങ്ങി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ വാവ സുരേഷിനെ കുറിച്ചുള്ള പോസ്റ്റുമായി രം​​ഗത്തെത്തി.

‘ദൈവം കൂടെയുണ്ട്, ഞങ്ങളുടെയൊക്കെ പ്രാർഥന കൂടെയുണ്ട്‘ എന്നാണ് ജയറാം കുറിച്ചത്. ‘പ്രാർഥനയോടെ, വേഗം തിരിച്ചുവരണം ജീവിതത്തിലേക്ക്. കഴിഞ്ഞ ദിവസവും ഞാന്‍ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്, അപ്പോള്‍ പറഞ്ഞു എല്ലാവര്‍ഷവും ഇങ്ങനെ പ്രശ്‌നം ഉണ്ടാവുമെന്ന്, പക്ഷേ, പ്രാർഥനയോടെ.’, എന്നായിരുന്നു സീമ ജി. നായരുടെ വാക്കുകൾ.

‘പാമ്പിനെ പിടികൂടുന്നതിന് ഇടയിൽ കടിയേറ്റു ചികിത്സയിൽ കഴിയുന്ന സുരേഷേട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. നമ്മളിൽ ആർക്കും ഇല്ലാത്ത കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സമൂഹത്തിനു ഇദ്ദേഹത്തെ ആവശ്യമുണ്ട്. ശാസ്ത്രീയമായി, സുരക്ഷിതമായി പരുക്ക് പറ്റാത്ത രീതിയിൽ പാമ്പിനെ പിടിക്കാൻ ഉള്ള മാർഗങ്ങളും ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ന് നിലവിൽ ഉണ്ട്. ഭാവിയിൽ എങ്കിലും പാമ്പിനെ പിടിക്കുവാൻ പോകുമ്പോൾ കൂടുതൽ സ്വയം സുരക്ഷാ കൂടി നോക്കി ചെയ്യണം എന്ന് അപേക്ഷിക്കുന്നു. പ്രാർഥനകളോടെ.’സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് ചെയ്തു.

‘മനുഷ്യനെക്കാൾ വിഷമുള്ള പാമ്പൊന്നു ഇവിടെ ഇല്ല, നിങ്ങൾക്ക് ഒന്നു സംഭവിക്കില്ല സുരേഷേട്ടാ‘, എന്നാണ് ലക്ഷ്മി പ്രിയ കുറിച്ചത്. ഒന്നും സംഭവിക്കില്ല, ഒരുപാടുപേരുടെ പ്രാര്‍ത്ഥനയുണ്ട് സഹോദരാ, പടച്ചവനെ എന്റെ പ്രിയ സഹോദരനെ കാക്കണേയെന്നായിരുന്നു നാദിര്‍ഷയുടെ കുറിപ്പ്.

അതേസമയം, വാവ സുരേഷിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയമിടിപ്പും രക്ത സമ്മർദവും സാധാരണ ഗതിയിൽ ആയി. ഇന്നലെ തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലാണ് സുരേഷിന്‍റെ ചികിത്സ.