തിരുവനന്തപുരത്ത് 5 കോടി രൂപ വിലയുള്ള തിമിംഗല ഛർദി പിടികൂടി
തിമിംഗലത്തിന്‍റെ ഛർദിയായ ആംബർഗ്രീസ് വില്‍ക്കാൻ ശ്രമിച്ച നാല് പേര്‍ പിടിയില്‍. കിളിമാനൂർ വെള്ളല്ലുർ സ്വദേശികളായ ഷാജി, സജീവ്, ബിജു, കോഴിക്കോട് ഉള്ള്യേരി സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ആംബർ ഗ്രീസിന് അഞ്ച് കോടി രൂപ വിലവരുമെന്നാണ് വിലയിരുത്തൽ.
പാലോട് ഫോറസ്റ്റ് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാജിയുടെ വീട്ടിൽ നിന്നാണ് തിമിംഗല ഛര്‍ദി പിടികൂടിയത്. 5 കഷ്ണങ്ങളായി ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. തമിഴ്നാട്ടില്‍ നിന്നാണ് ലഭിച്ചതെന്ന് പ്രതികള്‍ വനംവകുപ്പ് സംഘത്തോട് പറഞ്ഞു.
ആംബര്‍ഗ്രീസിന് വൻ തുക ലഭിക്കുമെന്ന് പ്രതികള്‍ തന്നെ പറയുന്നു. പെർഫ്യൂം നിർമാണത്തിന് വേണ്ടി വിദേശത്തേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. പിടിച്ചെടുത്ത ആംബർഗ്രീസ് കൂടുതല്‍ ശാസ്ത്രീയ പരിശോധനക്കായി അയക്കും. പ്രതികള്‍ക്ക് പിന്നില്‍ കൂടുതല്‍ പേരുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കും.