ഇനി മൈലാഞ്ചി കൃഷി ചെയ്തു കാശുണ്ടാക്കിയാലോ?
തലമുടിക്ക് നിറംമാറ്റം വരുത്താനും മണവാട്ടിയുടെ കൈകള്‍ക്ക് ചുവപ്പിന്റെ പൊലിമ നല്‍കാനും മൈലാഞ്ചിക്കുള്ള കഴിവ് നമ്മള്‍ അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വ്യാവസായികമായി മൈലാഞ്ചി വളര്‍ത്തുന്നുമുണ്ട്. അല്‍പം ചൂടുള്ളതും വരണ്ടതുമായ സ്ഥലങ്ങളാണ് കൃഷിക്കായി തെരഞ്ഞെടുക്കാറുള്ളത്. ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് വിപണി സാധ്യത കണക്കിലെടുത്ത് വന്‍തോതില്‍ വളര്‍ത്തുന്നത്.
വളരെ ലാഭകരമായി ചെയ്യാവുന്ന കൃഷിയാണിത്. വെള്ളത്തിന്റെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിലും പ്രത്യേക പരിചരണമില്ലാതെ തന്നെ വളര്‍ത്തി വിളവെടുക്കാം. പലതരത്തിലുമുള്ള മണ്ണിലും വളരുമെങ്കിലും പി.എച്ച് മൂല്യം 4.3 -നും 8.0 -നും ഇടയിലുള്ള മണ്ണാണ് അനുയോജ്യം. ഒരു ഏക്കര്‍ ഭൂമിയില്‍ 2.5 കി.ഗ്രാം വിത്ത് വിതയ്ക്കാം. തണ്ടുകള്‍ മുറിച്ചുനട്ടും വിത്ത് മുളപ്പിച്ചും കൃഷി ചെയ്യാം.
സാധാരണയായി രണ്ടുതവണ വിളവെടുക്കാറുണ്ട്. ഏപ്രില്‍ മുതല്‍ മെയ് വരെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുമുള്ള കാലയളവിലാണ് വിളവെടുപ്പ്. രണ്ടാമത്തെ വര്‍ഷം മുതലാണ് മൈലാഞ്ചി വിളവെടുപ്പ് നടത്താറുള്ളത്. ഏകദേശം 25 വര്‍ഷത്തോളം ഇലകള്‍ പറിച്ചെടുക്കാം.
ഹെയര്‍ ഡൈ ഉണ്ടാക്കാനായി ഉയര്‍ന്ന വിളവ് ലഭിക്കുന്ന എം.എച്ച് -1 , എം.എച്ച്-2 എന്നീ ഇനങ്ങളാണ് വളര്‍ത്തുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്ന് 3.5 ക്വിന്റല്‍ വിളവ് ലഭിക്കും