“ആ വീട്ടില്‍ അവരെ കാത്തിരുന്നത് പുറംലോകം ഒരിക്കലും വിശ്വസിക്കാത്ത കാര്യങ്ങളായിരുന്നു;” രണ്ട് കൊലപാതകങ്ങള്‍ നടന്ന നിഗൂഢമായ ഒരു വീട്

0 827
“ആ വീട്ടില്‍ അവരെ കാത്തിരുന്നത് പുറംലോകം ഒരിക്കലും വിശ്വസിക്കാത്ത കാര്യങ്ങളായിരുന്നു;” രണ്ട് കൊലപാതകങ്ങള്‍ നടന്ന
നിഗൂഢമായ ഒരു വീട്
 

 

1988ല്‍ ആണ് ക്രൂരമായ രണ്ട് കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ അമേരിക്കയില്‍ കാട്ടുതീ പോലെ പടര്‍ന്നത്. ടി വി സീരിയലുകളിലൂടെ പ്രിയങ്കരിയായ ബാലതാരം ജൂഡിത്ത് ബാര്‍സിയും അമ്മ മരിയയും കൊല്ലപ്പെട്ടിരിക്കുന്നു. കലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സ് കൗണ്ടി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിനെക്കാള്‍ ഞെട്ടിച്ചത് ആ കൊലപാതകങ്ങളുടെ പിന്നില്‍ ജൂഡ‍ിത്തിന്‍റെ അച്ഛന്‍ തന്നെയായിരുന്നു എന്നുള്ള വാര്‍ത്തയാണ്.

മകള്‍ ജൂഡിത്തിനെയും ഭാര്യ മരിയയെയും മദ്യാസക്തിയില്‍ വെടിവെച്ചു കൊലപ്പെടുത്തി ജോസഫ് ബാര്‍സി വീടിന് തീ കൊളുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. ഇപ്പോള്‍ 32 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു,  വീണ്ടും അമേരിക്കന്‍ മാധ്യമങ്ങളില്‍ ജൂഡിത്തിന്‍റെ കഥകള്‍ നിറയുകയാണ്. കൊലപാതകങ്ങള്‍ നടന്ന് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ജൂഡിത്തിന്‍റെ പ്രേതം ആ വീട്ടില്‍ തന്നെയുണ്ടെന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്.

1978 ജൂണ്‍ ആറിനാണ് ജോസഫ് ബാര്‍സിയുടെയും മരിയയുടെയും മകളായ ജൂഡിത്തിന്‍റെ ജനനം. ഹംഗറിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു ബാര്‍സി കുടുംബം. ജൂഡിത്തിന് അഞ്ച് വയസുള്ളപ്പോള്‍ മുതല്‍ അമ്മ മരിയ അവളെ ഒരു നടിയാക്കാനുള്ള പരിശ്രമങ്ങള്‍ തുടങ്ങിയിരുന്നു. 70ല്‍ അധികം പരസ്യ ചിത്രങ്ങളിലും ടിവി സീരിയലുകളില്‍ ഗസ്റ്റ് റോളുകളിലും ജൂഡിത്ത് അഭിനയിച്ചു.

അതിന് ശേഷമാണ് ജോസ്: ദി റിവഞ്ച് അടക്കമുള്ള സിനിമകളിലേക്കുമുള്ള അവസരങ്ങള്‍ വന്നത്. തന്‍റെ ചെറിയ പ്രായത്തില്‍ തന്നെ ലോസ് ആഞ്ചല്‍സില്‍ മൂന്ന് മുറികളുള്ള ഒരു വീട് വാങ്ങുന്നതില്‍ കുടുംബത്തിനെസഹായിക്കാന്‍ ജൂഡിത്തിന് സാധിച്ചു.

അങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ കയറുന്നതിനിടെ 1988 ജൂലൈ 28നാണ് ജൂഡിത്ത് കൊല്ലപ്പെടുന്നത്. ജൂഡിത്തിന്‍റെ അച്ഛന്‍ ജോസഫ് മദ്യപിച്ച ശേഷം മകളെ വെടിവയ്ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ ജൂഡിത്ത് മരണത്തിന് കീഴടങ്ങി. ഭാര്യ മരിയയെും (48) തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് ശേഷം വീടിന് തീ കൊളുത്തിയ ജോസഫ് സ്വയം വെടിവെച്ച് ആത്മഹ്യയും ചെയ്തു. കുട്ടിയുടെ മൃതദേഹം മുറിക്കുള്ളിലും മരിയയുടെ മൃതദേഹം ഹാളിലുമാണ് കണ്ടെത്തിയത്. രണ്ട് പേരുടെയും തലയിലാണ് വെടിയേറ്റിരുന്നത്.

ഈ സംഭവങ്ങള്‍ എല്ലാം നടന്നുകഴിഞ്ഞ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബെര്‍ണല്‍ കുടുംബം ആ വീട്ടിലേക്ക് താമസിക്കാന്‍ എത്തുന്നത്. എന്നാല്‍, ആ വീട്ടില്‍ അവരെ കാത്തിരുന്നത് പുറംലോകം ഒരിക്കലും വിശ്വസിക്കാത്ത കാര്യങ്ങളായിരുന്നു. ഗ്യാരേജിന്‍റെ വാതില്‍ തനിയെ തുറക്കുന്നതും അടയുന്നതും ഞെട്ടലോടെയാണ് അവര്‍ കണ്ടത്. വീട്ടിനുള്ളില്‍ പലയിടങ്ങളിലും പ്രേതസാന്നിധ്യവും അവര്‍ക്ക് അനുഭവപ്പെട്ടു. ഗാബി ബെര്‍ണല്‍ ജൂഡിത്തിന്‍റെ മൃതദേഹം കണ്ടെത്തിയ അതേ മുറിയിലാണ് ഉറങ്ങിയിരുന്നത്. ഗാബി ദുസ്വപ്നങ്ങള്‍ കാണുന്നത് പതിവായി മാറി.ഇതോടെ വീടിന് മാറ്റങ്ങള്‍ വരുത്താന്‍ ബെര്‍ണല്‍ കുടുംബം തീരുമാനിച്ചു. ഇതിനായി രണ്ട് ഡിസൈനര്‍മാരുടെ സഹായവും കുടുംബം തേടി. ഡിസൈനര്‍മാരെ കൂടാതെ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന ഡിറ്റക്ടീവുമാരുടെയും മാനസിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ സഹായവും ബെര്‍ണല്‍ കുടുംബം തേടി.

ഹാള്‍ പെയിന്‍റ് ചെയ്ത് കൂടുതല്‍ വെളിച്ചം ലഭിക്കുന്ന തരത്തിലേക്ക് മാറ്റി. ഗാബിയുടെ മുറിയിലും അടിമുടി മാറ്റങ്ങള്‍ വരുത്തി.വീടിന്‍റെ പിന്‍വശത്തുള്ള സ്ഥലങ്ങളിലും മാറ്റങ്ങള്‍ വരുത്തി. ഇതോടെ വീട്ടിനുള്ളില്‍ നെഗറ്റീവ് വൈബുകള്‍ പുറന്തള്ളാന്‍ സാധിച്ചുവെന്നാണ് ബെര്‍ണി കുടുംബം അവകാശപ്പെടുന്നത്. വീഡിയോ സ്ട്രീമിംഗ് സൈറ്റായ ക്വീബിയില്‍ മൂന്ന് എപ്പിസോഡുകളിലായി വന്ന ‘മര്‍ഡര്‍ ഹൗസ് ഫ്ലിപ്പി’ലാണ് ഈ കഥകള്‍ ഗാബി ബെര്‍ണര്‍ വിശദീകരിച്ചത്.