എന്താണ് കാലിത്തീറ്റ കുംഭകോണം? രാഷ്ട്രീയയാത്രയിൽ ലാലുവിനെ തളര്‍ത്തിയ വിവാദം

0 181

‘സമൂസയിൽ ആലു (ഉരുളക്കിഴങ്ങ്) ഉള്ള കാലത്തോളം ബിഹാറിൽ ലാലു ഉണ്ടാകു’മെന്ന് അന്നാട്ടുകാരുടെ ചൊല്ലായിരുന്നു. എന്നാൽ 1996ൽ ഒരു മൃഗാരോഗ്യ കേന്ദ്രത്തിൽ നടന്ന റെയ്ഡ് രാഷ്ട്രീയ ജനതാദളെന്ന മതേതര പ്രസ്ഥാനത്തിന്റെ നായകനും ബിഹാർ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെയായിരുന്ന നേതാവിന്റെ രാഷ്ട്രീയ യാത്രയിൽ ഇരുട്ടുവീഴ്ത്തി. സർക്കാർ ട്രഷറികളിൽനിന്ന് പൊതുപണം അന്യായമായി പിൻവലിച്ചതുമായി ബന്ധപ്പെട്ടതും ‘കാലിത്തീറ്റ കുംഭകോണം’ എന്നറിയപ്പെട്ടതുമായ കേസുകളുടെ തുടക്കമായിരുന്നു ഈ റെയ്ഡും തുടർനടപടികളും. 25 വർഷം കഴിഞ്ഞാണ് അവസാനത്തേതും അഞ്ചാമത്തേതുമായ കേസിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്. 1990കളിൽ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ ഡൊറണ്ട ട്രഷറിയിൽ നിന്ന് 139.35 കോടി രൂപ വഞ്ചനാപരമായ രീതിയിൽ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിധി വന്നിരിക്കുന്നത്. ആകെ 950 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇതടക്കം കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം ലാലുപ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ആദ്യ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിലവിൽ ജാമ്യത്തിലാണുള്ളത്.