വാട്‌സാപ്പ് ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; ഹാക്കര്‍മാര്‍ പിന്നാലെയുണ്ട്

0 26,000

 

കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയെ തുടര്‍ന്ന് ഭൂരിഭാഗം വ്യവസായ സ്ഥാപനങ്ങളും സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് എങ്കിലും ഇരകളെ വീഴ്ത്താന്‍ ഹാക്കര്‍മാര്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്. വാട്‌സാപ്പിനെയും ഹാക്കര്‍മാര്‍ ഒഴിച്ചു നിര്‍ത്തുന്നില്ല.

ചൂണ്ടയിടുംപോലെ അവര്‍ വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരിക്കുകയാണ്. ഉപയോക്താക്കളില്‍ പലും അതില്‍ വീഴുകയും ചെയ്യുന്നു. ഉപയോക്താക്കളുടെ അക്കൗണ്ടുകളുടെ ലോഗിന്‍ വിവരങ്ങളും ഒടിപി നമ്ബറും കൈക്കലാക്കുന്നതിനുള്ള വാട്‌സാപ്പ് സന്ദേശങ്ങളും ഇമെയില്‍ സന്ദേശങ്ങളും ഹാക്കര്‍മാര്‍ അയക്കുന്നുണ്ടെന്ന് വാബീറ്റാ ഇന്‍ഫോ പറയുന്നു.

അപരിചിതമായ നമ്ബറുകളില്‍നിന്നു സന്ദേശങ്ങള്‍ ലഭിക്കുന്നതായി നിരവധി ഉപയോക്താക്കള്‍ പരാതി പറയുന്നുണ്ട്. അതില്‍ ചിലത് അവര്‍ക്ക് ലഭിച്ച ഒടിപി ചോദിച്ചുകൊണ്ടുള്ളതാണ്. ചിലര്‍ അബദ്ധത്തില്‍ അത് അയച്ചു കൊടുക്കുകയും ചെയ്യുന്നു. ഇത് അവരുടെ വാട്‌സാപ്പ് അക്കൗണ്ട് കയ്യടക്കാനുള്ളതായിരുന്നുവെന്ന് വളരെ വൈകിയാണ് പലരും തിരിച്ചറിയാറ്. ഒടിപി അയച്ചു കൊടുക്കുന്നതോടെ വാട്‌സാപ്പ് അക്കൗണ്ട് അയാള്‍ക്ക് നഷ്ടമാവുന്നു.

ഇതോടെ ഉപയോക്താക്കളുടെ ചാറ്റുകള്‍, ഫോണ്‍ നമ്ബര്‍, പേര്, ഇമെയില്‍ ഐഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഫെയ്‌സ്ബുക്ക് ലോഗിന്‍ ഉള്‍പ്പടെയുള്ള വ്യക്തി വിവരങ്ങളും ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞേക്കും.

അപരിചതമായ നമ്ബറുകളില്‍നിന്നും ഇമെയില്‍ ഐഡികളില്‍നിന്നും ലഭിക്കുന്ന എസ്‌എംഎസ്, വാട്‌സാപ്പ് മെസേജ്, ഇമെയില്‍ എന്നിവയില്‍ വീഴാതിരിക്കുക. ആ സന്ദേശങ്ങള്‍ അവഗണിക്കുകയോ ബ്ലോക്ക് ചെയ്യുകയോ ആവാം. പ്രൈവസി സെറ്റിങ്‌സിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക.