ആര് ഏറ്റെടുത്താലും വികസനമാണ് പ്രധാനം;വിമാനത്താവള വിഷയത്തിൽ പ്രതികരിച്ച് എം.എ യൂസഫ് അലി

0 331

ആര് ഏറ്റെടുത്താലും വികസനമാണ് പ്രധാനം;വിമാനത്താവള വിഷയത്തിൽ പ്രതികരിച്ച് എം.എ യൂസഫ് അലി

തിരുവനന്തപുരം വിമാനത്താവളം ആര് ഏറ്റെടുത്താലും വികസനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്‍റെ പേര് വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച വിർച്വൽ മീഡിയ മീറ്റിൽ സംസാരിക്കുകയായിരുന്നു യൂസുഫലി

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രത്തിന്‍റെ സ്വത്താണ്. അതിൽ തർക്കമുണ്ടെങ്കിൽ സംസാരിച്ച് തീർപ്പാക്കേണ്ടത് കേരളവും കേന്ദ്രവും തമ്മിലാണ്. ഇതുമായി ബന്ധപ്പെട്ട് തന്നെ കേരള സർക്കാർ ബന്ധപ്പെട്ടിട്ടില്ലെന്ന് യൂസുഫലി പറഞ്ഞു.

വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതാണ് നല്ലത്. കാരണം, എയർപോർട്ട് അതോറിറ്റിയുടെ എല്ലാ വിമാനത്താവളങ്ങളിലൊന്നും വികസനം എത്തിയിട്ടില്ല. കൊച്ചി, കണ്ണൂർ വിമാനത്താവളത്തിൽ തനിക്ക് മാത്രമല്ല, ആയിരക്കണക്കിനാളുകൾക്ക് ഷെയർ ഉണ്ട്. ഇത് വിവാദമാക്കേണ്ടതില്ലെന്നും യൂസുഫലി വ്യക്തമാക്കി.

തന്നെകുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന അപവാദ പ്രചരണങ്ങളിൽ സങ്കടമില്ല. 1000 ടൺ പച്ചക്കറികളും മറ്റുമാണ് ഈ ഓണത്തിന് കേരളത്തിൽ നിന്ന് ഗർഫിലേക്ക് ഇറക്കുമതി ചെയ്തത്. യു.എ.ഇ കോൺസുലേറ്റ്, റെഡ്ക്രസൻറ് വിഷയങ്ങളിൽ പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ലുലു ഗ്രൂപ്പ് മീഡിയ ആൻഡ് മാർക്കറ്റിങ് ഡയറക്ടർ വി. നന്ദകുമാർ, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തിൽ എന്നിവരും പങ്കെടുത്തു.