ചുഴലിക്കാറ്റിൽ പായം പഞ്ചായത്തിൽ വ്യാപക നാശനഷ്ടം

0 1,389

ചുഴലിക്കാറ്റിൽ പായം പഞ്ചായത്തിൽ വ്യാപക നാശനഷ്ടം

ഇരിട്ടി : പായം പഞ്ചായത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ചുഴലിക്കാറ്റില്‍  വ്യാപക നാശനഷ്ടം. കാര്‍ഷിക വിളകളും ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. ഇതോടെ ഈ മേഖലയിലെ വൈദ്യുതി ബന്ധം താറുമാറായി.

വൈകുന്നേരം മഴയോടൊപ്പമുണ്ടായ ചുഴലിക്കാറ്റിലാണ് പായം പഞ്ചായത്തില്‍ വ്യാപക നാശനഷ്ടം ഉണ്ടായത് . കിളിയന്തറ, വള്ളിത്തോട്, കുന്നോത്ത് മേഖലയിലാണ് കാറ്റ് നാശം വിതച്ചിരിക്കുന്നത്. ഈ മേഖലയിലെ നിരവധി റബ്ബര്‍ മരങ്ങള്‍ കൂട്ടത്തോടെ കടപുഴകിയും ഒടിഞ്ഞുവീണും നശിച്ചു. കിളിയന്തറ 32 ലെ കോളനിക്ക് സമീപമുള്ള എടത്തട്ടാന്‍കുന്നേല്‍ തോമസിന്റെ വീടിനു പിന്നിലുള്ള കൂറ്റന്‍ മാവിനെ കാറ്റ് ചുഴറ്റി എറിഞ്ഞു. വര്‍ഷാവര്‍ഷങ്ങളില്‍ 25000 ല്‍പരം രൂപയുടെ മാങ്ങ വിളവ് ലഭിക്കുന്ന മാവാണ് നിലംപതിച്ചത്. ഇതിനു സമീപമുണ്ടായിരുന്ന തെങ്ങ്, വാഴ തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ കാറ്റില്‍ നശിച്ചു . കിളിയന്തറ സെന്റ് തോമസ് വൈദിക മന്ദിരത്തിന്റെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി.  കിളിയന്തറ,  വള്ളിത്തോട് റോഡരില്‍ നിരവധി റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ നിലംപതിച്ചു. ചില റബ്ബര്‍ മരങ്ങള്‍ വീണ് ത്രീഫെയ്‌സ് ലൈനുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. ഇതോടെ ഈ മേഖലയിലെ വൈദ്യുതിബന്ധം പൂര്‍ണ്ണമായും വിഛേദിച്ചിരിക്കുകയാണ്. പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ, വാർഡ് മെമ്പർ മാരായ പി.എൻ. സുരേഷ്, ടോം മാത്യു എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ചു.