അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; മൂന്ന് പേര്‍ക്ക് പരുക്ക്

0 453

തൃശൂര്‍ അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. രമേഷ് (48) ഭാര്യ ഷൈനി (38), മകന്‍ മൃദുഷ് (6)എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതിരപ്പിള്ളി പുളിയിലപ്പാറ ജനവാസ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.

ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ കാട്ടാന ആക്രമണമാണിത്. കഴിഞ്ഞ ദിവസം അതിരപ്പിള്ളിയില്‍ വെച്ച് അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസുകാരിക്ക് ദാരുണ അന്ത്യം സംഭവിച്ചത്. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയയാണ് മരിച്ചത്. അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. വീടിന് സമീപത്ത് നിന്ന് അല്‍പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കില്‍ വരികയായിരുന്ന നിഖിലും ഭാര്യാ പിതാവ് ജയനും ആഗ്‌നിമിയയും ആനയ കണ്ടതോടെ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നു പേരും ചിതറി ഓടി. ഇതിനിടെ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കാണ് ചവിട്ടേറ്റത്.ആശുപത്രിയില്‍ എത്തുമ്പൊഴക്കും ആഗ്‌നിമിയ മരിച്ചു.