വന്യമൃഗശല്യം: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് എംഎല്‍എയുടെ പരാതി

0 518

സുല്‍ത്താന്‍ബത്തേരി: ബത്തേരി നഗരത്തിലിറങ്ങി അക്രമം കാണിച്ച കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഉത്തരവിറക്കാന്‍ അനാസ്ഥ കാണിച്ചെന്ന് ആരോപിച്ചും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെ നടപടിയാവശ്യപ്പെട്ടും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങിനെതിരെയാണ് പരാതി.

സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനുവരി ആറിന് പുലര്‍ച്ചെ കാട്ടാന പരിഭ്രാന്തി സൃഷ്ടിച്ച് കാല്‍നട യാത്രികനെ ആക്രമിക്കുകയും, സ്വകാര്യ വ്യക്തിയുടെ മതില്‍ തകര്‍ത്ത്, നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സാഹചര്യവുമുണ്ടായി. ഗൂഡല്ലൂരിനെ വിറപ്പിച്ച രണ്ട് പേരെ കൊലപ്പെടുത്തിയ പി എം രണ്ട് എന്ന കൊലയാളി മോഴയാനയാണ് നഗരത്തില്‍ അക്രമം സൃഷ്ടിച്ചത്. ഗൂഡല്ലൂരില്‍ സ്ഥിരം പ്രശ്‌നക്കാരന്‍ ആയതോടെ മയക്കു വെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടതാണ് ഈ ആനയെ. ഇതേ തുടര്‍ന്ന് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ്ങിന് ആനയെ മയക്കു വെടിവെച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് കൊടുത്തിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അതിനുള്ള ഉത്തരവിറങ്ങിയില്ല.

ഇതിന് പുറമെ വയനാട്ടില്‍ നിന്നും പാലക്കാട്ടേക്ക് കൊണ്ടുപോയ കുങ്കി ആനകളെ തിരിച്ച് വയനാട്ടില്‍ എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിനും, ഫോറസ്റ്റ് ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ആര്‍ ആര്‍ ടി ടീമിനെ വയനാട്ടില്‍ തന്നെ നിലനിര്‍ത്തുന്നതിനും വേണ്ട  നടപടിയുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവിറക്കാന്‍ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതിനും ജനങ്ങളെ ആകെ ആശങ്കയില്‍ ആക്കിയിട്ടുള്ള വിഷയം പരിഹരിക്കുന്നതിനാവിശ്യമായ ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു.