ആംബുലന്‍സും ചികിത്സയും ലഭിച്ചില്ല: കുഞ്ഞിന്റെ മൃതദേഹവുമായി അമ്മയുടെ യാത്ര..

ആംബുലന്‍സും ചികിത്സയും ലഭിച്ചില്ല: കുഞ്ഞിന്റെ മൃതദേഹവുമായി അമ്മയുടെ യാത്ര..

0 409

സാമൂഹികമാധ്യമങ്ങളിലെ പ്രതികരണത്തെ തുടര്‍ന്ന് അധികൃതര്‍ സദര്‍ ആശുപത്രിയിലെ ഒരു മാനേജരെ സസ്പെന്‍ഡ് ചെയ്യുകയും ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാമജിസ്‌ട്രേറ്റ് നവീന്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

പട്‌ന: ആംബുലന്‍സ് കിട്ടാതെ ആശുപത്രിയില്‍ നിന്ന്‌ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അവശനിലയിലായ കുഞ്ഞ് അമ്മയുടെ കൈകളില്‍ കിടന്ന് തന്നെ മരിച്ചു. മൂന്നുവയസുകാരന്റെ മൃതദേഹവുമായി അമ്മ മൈലുകളോളം നടന്നു. ഒപ്പം മകളെയുമെടുത്ത് അച്ഛനും.

വീട്ടിലേക്ക് മടങ്ങാനും ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മകന്റെ മൃതദേഹവുമായി അവര്‍ നടന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകിയത് കൊണ്ടാണ് കുട്ടി മരിക്കാനിടയായതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

രണ്ടു ദിവസമായി പനിയും ജലദോഷവും ചുമയും കാരണം അവശനിലയിലായ കുട്ടിയെ ജഹനാബാദിലെ ആശുപത്രിയിലേക്ക് ടെംപോയിലാണ് കൊണ്ടുവന്നത്. ആംബുലന്‍സ് ലഭിക്കാത്തതിവനെ തുടര്‍ന്നാണ് ടെംപോയില്‍ കൊണ്ടുവന്നതെന്ന് കുട്ടിയുടെ അച്ഛന്‍ ഗിരേജ് കുമാര്‍ പറഞ്ഞു..

കുട്ടിയുടെ മൃതദേഹവും തോളത്തിട്ട് നിസ്സഹായയായി കരഞ്ഞ് നീങ്ങുന്ന അമ്മയുടെയും പിന്നാലെ മകളെയുമെടുത്ത് വരുന്ന അച്ഛന്റെയും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വെള്ളിയാഴ്ച മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സഹായവാഗ്ദാനവുമായി അടുത്തെത്തിയവരോട് ഇനി ഞങ്ങള്‍ക്ക് ആംബുലന്‍സിന്റെ ആവശ്യമില്ലെന്ന് ഗിരേജ് കുമാര്‍ അതീവ ദുഃഖിതനായി പറയുന്നത് വീഡിയോയിലുണ്ട്.