സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം: കേസിന്റെ ചുരുളഴിയുന്നു

740

തമിഴ് നാട്ടില്‍ സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിന്റെ ചുരുളഴിയുന്നു. തിരുപ്പൂര്‍ രാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിനു സമീപമുള്ള അഴുക്കുചാലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുപ്പൂര്‍ വെള്ളിയങ്കാട് വാടകവീട്ടില്‍ താമസിച്ചിരുന്ന അസം സ്വദേശി സ്നേഹയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

പ്രദേശത്തെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ അന്‍പതിലധികം ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കൊല നടന്ന ദിവസം രണ്ടു യുവാക്കള്‍ ബൈക്കില്‍ സ്യൂട്ട്‌കേസുമായി പോകുന്നതും തിരികെ സ്യൂട്ട്‌കേസില്ലാതെ മടങ്ങുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. സി.സി ടി.വിയില്‍ പതിഞ്ഞ ബൈക്കിന്റെ നമ്പര്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തിരുപ്പൂര്‍ വെള്ളിയങ്കാട് വാടകവീട്ടില്‍ താമസിച്ചിരുന്ന അസം സ്വദേശി സ്നേഹയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.

തിരുപ്പൂരില്‍ ആണ്‍സുഹൃത്തുക്കളായ അബിദാസ്, ജയിലാല്‍ എന്നിവര്‍ക്കൊപ്പം വാടകവീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന അബിദാസ് തന്റെ ഭര്‍ത്താവാണെന്നാണ് യുവതി എല്ലാവരോടും പറഞ്ഞിരുന്നത്. തിങ്കളാഴ്ചയാണ് പുതുതായി നിര്‍മ്മിച്ച നാലുവരിപ്പാതയോടു ചേര്‍ന്നുള്ള അഴുക്കുചാലില്‍ സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി തമിഴ്‌നാട്ടുകാരിയല്ലെന്നു പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

തുടര്‍ന്നു തിരുപ്പൂരില്‍ നിന്നും സമീപപ്രദേശങ്ങളില്‍നിന്നും കാണാതായ മലയാളി, ഉത്തരേന്ത്യന്‍ സ്വദേശികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും ഫലമുണ്ടായില്ല. മൃതദേഹത്തിന്റെ കയ്യില്‍ ക്യൂന്‍ എന്നു പച്ചകുത്തിയതു കണ്ടെത്തിയതോടെ വടക്കുകിഴക്കന്‍ സ്വദേശിനിയാകാം കൊല്ലപ്പെട്ട യുവതിയെന്ന നിഗമനത്തില്‍ പൊലീസെത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സാധാരണ ഈ രീതിയില്‍ പച്ചകുത്തുന്നത്.

തൊട്ടുപിറകെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞ ഇരുചക്രവാഹനത്തിന്റെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്നാണ് മരിച്ചത് അസം സ്വദേശിനിയായ തുണിമില്‍ ജീവനക്കാരി സ്‌നേഹയാണെന്ന് സ്ഥിരീകരിച്ചത്. സുഹൃത്തുകള്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇരുചക്രവാഹനത്തിലെത്തിയാണ് മൃതദേഹം ഉപേക്ഷിച്ചത്. ഇവരെ ഉടന്‍ പിടികൂടുമെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു.