വനിതാ കമ്മീഷൻ അദാലത്ത്: 30 പരാതികൾ തീർപ്പാക്കി
കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 30 പരാതികൾ തീർപ്പാക്കി. ആകെ 101 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 68 പരാതികൾ അടുത്ത സിറ്റിംഗിനായി മാറ്റിവെച്ചു. മൂന്ന് പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് തേടി.
സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും ലഭിച്ചത്. വായ്പ തിരിച്ചടവ് സംബന്ധമായ പ്രശ്നങ്ങൾ, സ്വത്ത് തർക്കങ്ങൾ, കുടുംബ കോടതിയിലെത്തിയ കേസുകൾ, താൽക്കാലിക ജീവനക്കാരിയെ അകാരണമായി പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട പരാതി തുടങ്ങിയവയാണ് അദാലത്തിൽ പരിഗണിച്ചത്.
ലീഗൽ പാനൽ അംഗങ്ങളായ അഡ്വ. പി വിമലകുമാരി, അഡ്വ. കെ എം പ്രമീള, അഡ്വ. കെ പി ഷിമ്മി, അഡ്വ. പി എം ഭാസുരി, സീനിയർ സിവിൽ പോലീസ് ഓഫീസർ ബി ബുഷ്‌റത്ത്, സിവിൽ പോലീസ് ഓഫീസർ സി സുഗിഷ എന്നിവർ പങ്കെടുത്തു. അടുത്ത അദാലത്ത് മാർച്ച് രണ്ടിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.