വനിതാ കമ്മീഷന്‍ സമാന്തര കോടതിയല്ല: അഡ്വ. പി സതീദേവി

0 282

വനിതാ കമ്മീഷന്‍ സമാന്തര കോടതിയല്ല: അഡ്വ. പി സതീദേവി

സമാന്തര കോടതിയായി പ്രവര്‍ത്തിക്കേണ്ട ഒന്നല്ല വനിതാ കമ്മീഷനെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കമ്മീഷന്‍ അംഗം ഇ എം രാധയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
കമ്മീഷന്റെ മുമ്പിലെത്തുന്ന പരാതികളില്‍ പലതും കമ്മീഷന്റെ പരിധിയില്‍ വരുന്നതല്ല. ഏറെയും സ്വത്ത് തര്‍ക്കങ്ങളാണ്്. സിവില്‍ കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകള്‍ പോലും വനിതാ കമ്മിഷനില്‍ പരാതിയായി എത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് ലിംഗനീതി ഉറപ്പു വരുത്തുന്നതിനും പീഡനങ്ങള്‍ ഇല്ലാതാക്കുന്നതിനുമുള്ള ഇടപെടലുകളാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഇടപെടുന്നതിനേക്കാള്‍ സ്ത്രീകളുടെ വിലാപങ്ങളില്ലാത്ത സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനാണ് കമ്മീഷന്‍ ശ്രമമെന്നും അവര്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെകുറിച്ചുള്ള പരാതികള്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണ്. പഞ്ചായത്ത് വാര്‍ഡ് തലത്തില്‍  ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് ഇതിനൊരു കാരണമാണ്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജാഗ്രതാ സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സ്ഥിരം കൗണ്‍സലിങ്ങ് സെന്റര്‍ ഉണ്ടാവണം. വധൂവരന്‍മാര്‍ക്ക് വിവാഹ പൂര്‍വ്വ കൗണ്‍സലിങ്ങ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിവാഹ രജിസ്‌ട്രേഷന്‍ നടത്തുന്നതിന്  വിവാഹ പൂര്‍വ്വ കൗണ്‍സലിങ്ങ്് നടത്തിയതിന്റെ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കണം. ഓരോ വ്യക്തിയും മാധ്യമമായി കൊണ്ടിരിക്കുന്ന കാലത്ത് മാധ്യമങ്ങള്‍ക്ക് സ്ത്രീപക്ഷ കാഴ്ചപ്പാട് ഉണ്ടാവണമെന്നും പി സതീദേവി പറഞ്ഞു.

തൊഴിലിടങ്ങളില്‍ നിയമം അനുശാസിക്കുന്ന രീതിയിലുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ഉണ്ടാവണം. ഇത് കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പുവരുത്തണം. പുതിയ തലമുറയിലെ കുട്ടികള്‍ സ്ത്രീധനത്തിനെതിരായി മുന്നോട്ട് വരുന്നത് അഭിനന്ദനാര്‍ഹമാണ്. പെണ്‍കുട്ടിക്ക് പാരിതോഷികമായി കൊടുക്കുന്ന ഉപഹാരങ്ങള്‍ പെണ്‍കുട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ ഇതിനും പരിധി നിശ്ചയിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ദാമ്പത്യം ശിഥിലമാകുമ്പോഴാണ് സ്ത്രീധന പരാതിയുമായി പെണ്‍കുട്ടികള്‍ വരുന്നത്. സ്ത്രീധനം ചോദിക്കുമ്പോള്‍ തന്നെ ഇടപെടാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം-വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

ആകെ 67 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 32 എണ്ണം തീര്‍പ്പാക്കി. ഏഴെണ്ണത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടി. 28 എണ്ണം അടുത്ത അദാലത്തിലേക്ക്് മാറ്റി വച്ചു.

അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ പത്മജ പത്മനാഭന്‍, അഡ്വ കെ എം പ്രമീള, അഡ്വ വിമലകുമാരി, അഡ്വ പി എം ഭാസുരി തുടങ്ങിയവര്‍ പങ്കെടുത്തു.