ജില്ലാ ആശുപത്രിയില്‍ 4.5 കോടി ചെലവില്‍ വനിതാ പേ വാര്‍ഡ് കോംപ്ലക്‌സ്; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തറക്കല്ലിട്ടു

0 241

ജില്ലാ ആശുപത്രിയില്‍ 4.5 കോടി ചെലവില്‍ വനിതാ പേ വാര്‍ഡ് കോംപ്ലക്‌സ്; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തറക്കല്ലിട്ടു

ജില്ലയിലെ  ആരോഗ്യമേഖലയില്‍ നടക്കുന്നത് വന്‍ മുന്നേറ്റമാണെന്ന്  തുറമുഖ പുരാവസ്തു വകുപ്പ്  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വനിതാ പേ  വാര്‍ഡ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൊവിഡ് എന്ന മഹാമാരിക്കെതിരെ  നാം   പടപൊരുതിക്കൊണ്ടിരിക്കുന്ന കാലമാണിതെന്നും ആ മഹായുദ്ധത്തില്‍ രാജ്യത്തിനും ലോകത്തിനും തന്നെ   മാതൃകയായ പ്രവര്‍ത്തനങ്ങളാണ് കേരളം കാഴ്ച വെച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി  പറഞ്ഞു.  ആരോഗ്യ രംഗത്ത് ഒരു  ജില്ലാ  പഞ്ചായത്തിന് എന്തെല്ലാം  ചെയ്യാന്‍ കഴിയുമെന്നതിന്റെ നേര്‍സാക്ഷ്യമാണ്   കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 4.5 കോടി രൂപ ചെലവിലാണ് വനിതകള്‍ക്കായി പേ വാര്‍ഡ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. നാല് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 36 മുറികളാണ് ഉണ്ടാവുക. താഴത്തെ നിലയില്‍ പാര്‍ക്കിങ്ങ് സൗകര്യവും ഒരുക്കും.  നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല. അടുത്ത മെയ് മാസത്തോടു കൂടി ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍ മാസ്റ്റര്‍, ടി ടി റംല, അംഗം അജിത് മാട്ടൂല്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ആര്‍ എം ഒ ഡോ. സി വി ടി ഇസ്മയില്‍, നഴ്‌സിംഗ് ഓഫീസര്‍ എം അജിത, നഴ്‌സിംഗ് സൂപ്രണ്ട് പി ആര്‍ ശൈലജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.