മരം മുറി വിവാദത്തിൽ അടിമാലി മുൻ റേഞ്ച് ഓഫിസറുടെ വീട്ടിൽ വിജിലൻസ് പരിശോധന. ജോജി ജോണിന്റെ തേക്കടിയിലെ വീട്ടിലും റിസോർട്ടിലുമാണ് പരിശോധന. .അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചാണ് പരിശോധന. വിജിലൻസ് എറണാകുളം സ്‌പെഷ്യൽ സെൽ ആണ് പരിശോധന നടത്തുന്നത്.നിലവിൽ ജോജി ജോൺ സസ്‌പെൻഷനിലാണ്.
അതേസമയം, വയനാട്ടിലെ മുട്ടിൽ മരംമുറി സംബന്ധിച്ച രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയ റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിക്കെതിരായ വിവാദ പരാമർശം സർക്കാർ ഒഴിവാക്കി. ശാലിനിയുടെ ആത്മാർഥതയിൽ സംശയമുണ്ടെന്നായിരുന്നു അഡീ. ചീഫ് സെക്രട്ടറിയുടെ കുറിപ്പ്. ഇത് തിരുത്തി സർക്കാർ ഉത്തരവിറക്കിയെങ്കിലും ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ നടപടി തുടരും.
ശാലിനിയുടെ ജോലിയിലുള്ള ആത്മാർഥത സംശയാതീതമല്ലെന്നു ബോധ്യപ്പെട്ടതായാണ് ഗുഡ് സർവീസ് എൻട്രി റദ്ദാക്കികൊണ്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞത്. മികച്ച പ്രവർത്തനം നടത്തിയതിനാണ് ഗുഡ് സർവീസ് എൻട്രി നൽകുന്നതെന്നു ഉത്തരവിറക്കിയ പ്രിൻസിപ്പൽ സെക്രട്ടറിയാണ് മൂന്നു മാസത്തിനുശേഷം ഉദ്യോഗസ്ഥയുടെ ജോലിയിലെ ആത്മാർഥത ചോദ്യം ചെയ്തത് കുറിപ്പിറക്കിയത്. ശാലിനിയെ മോശപ്പെടുത്തുന്ന രീതിയിലാണ് ജയതിലക് പരാമർശം നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് അന്വേഷണം നടത്തി.ഇതിന്റെ പശ്ചാത്തലത്തിലാണ് പരാമർശം റദ്ദാക്കാനും അത് തിരുത്താനും സർക്കാർ തീരുമാനിച്ചത്.