കണ്ണൂര്‍ മണ്ഡലത്തില്‍ 15 തീരദേശ റോഡുകളുടെ പ്രവൃത്തി തുടങ്ങി ; തീരദേശ ഗതാഗതം മെച്ചപ്പെടുത്തും: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

0 248

കണ്ണൂര്‍ മണ്ഡലത്തില്‍ 15 തീരദേശ റോഡുകളുടെ പ്രവൃത്തി തുടങ്ങി; തീരദേശ ഗതാഗതം മെച്ചപ്പെടുത്തും: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

മത്സ്യത്തൊഴിലാളികളുടെ വളര്‍ച്ചയ്ക്കായി മികച്ച പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ തീരദേശ റോഡ് പ്രവൃത്തി ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യമായാണ് ഒരു മണ്ഡലത്തില്‍ മാത്രമായി ഇത്രയധികം റോഡുകള്‍ ഒരുമിച്ച് പ്രവൃത്തി ആരംഭിക്കുന്നത്.  തീരദേശ മേഖലയില്‍ ഗതാഗത നിലവാരം മെച്ചപ്പെടുത്തുന്നതിനായി  സംസ്ഥാനത്തെ 89 റോഡുകള്‍  പൂര്‍ത്തിയാക്കിയെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയില്‍ സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2068 കോടിയുടെ രൂപയാണ് മത്സ്യകൃഷിക്കായി അനുവദിച്ചത്. അഞ്ച് ഹാര്‍ബറുകള്‍ നാടിനായി സമര്‍പ്പിച്ചു.  മൂന്ന് ഹാര്‍ബറുകളുടെ പണി ഡിസംബറോടെ പൂര്‍ത്തിയാവും. തീരദേശമേഖലയിലെ കുട്ടികള്‍ക്കായി 56 സ്‌കൂളുകളാണ് ഇതുവരെയായി ആരംഭിച്ചതെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
15 റോഡുകളുടെ പ്രവൃത്തിയാണ് കണ്ണൂര്‍ മണ്ഡലത്തില്‍ ആരംഭിക്കുന്നത്. അഞ്ചരക്കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഡിസംബര്‍ മാസത്തോടെ പണി പൂര്‍ത്തീകരിക്കാനാവുമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
മാപ്പിള ബേ ഹാര്‍ബറിലെ ഇന്റെണല്‍ റോഡും പാര്‍ക്കിങ്ങ് ഏരിയയും 61.2 ലക്ഷം രൂപ, നടാല്‍ ഗേറ്റ് -ഏഴരക്കടപ്പുറം റോഡ് – 68.5 ലക്ഷം രൂപ,  ആറ്റടപ്പ എല്‍ പി എസ് – കുന്നപ്രം റോഡ് -25.6 ലക്ഷം രൂപ, പാലേരിക്കുന്ന്- കാപ്പാട് റോഡ് – 16 ലക്ഷം രൂപ,  കടലായി ക്ഷേത്രം- സി എച്ച് മുക്ക് റോഡ് -20.3ലക്ഷം രൂപ,  ആയിക്കര മത്സ്യ മാര്‍ക്കറ്റ്- ദോബിക്കുളം റോഡ് – 16.1 ലക്ഷം രൂപ, കുറുവ വായനശാല – കടലായി റോഡ് – 16.5 ലക്ഷം രൂപ,  തോണിയാട്ട് കാവ് – വട്ടകുളം റോഡ് – 31 ലക്ഷം, തോട്ടട ബണ്ട് – തോട്ടട കടപ്പുറം റോഡ്- 139 ലക്ഷം രൂപ, ആയിക്കരപ്പാലം- അഞ്ച്കണ്ടി റോഡ് – 15.5 ലക്ഷം രൂപ, മുരുടുക്കിപാലം – കെ വി കുമാരന്‍ വീട് റോഡ് – 49.61 ലക്ഷം രൂപ,  കോശോന്‍ മൂല റോഡ്- കിയാക്കണ്ടി മുക്ക് കമ്മാരം പറമ്പ് മൂല റോഡ് – നാല് ലക്ഷം രൂപ, സുധാകരന്‍ മാസ്റ്റര്‍ മൂല – ചാല റയില്‍വേ സൈഡ് റോഡ് – 15.5 ലക്ഷം രൂപ, ഇല്ലിക്കുന്ന് ഗസ്റ്റ് ഹൗസ് റോഡ്- 65.64 ലക്ഷം രൂപ, മന്തപ്പന്‍ കാവ്- മര്യന്‍ക്കണ്ടി റോഡ്- 4.47 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
തോട്ടട തോണിയോട്ട് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. മന്ത്രി ശിലാഫലകം അനാച്ഛാദാനം ചെയ്തു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ്  വകുപ്പ് ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണുര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എന്‍ ബാലകൃഷ്ണന്‍, സി സമീര്‍, ടി പ്രശാന്ത്,  എ പി അജിത, പി കെ പ്രീത എന്നിവര്‍ പങ്കെടുത്തു