ലോക ക്യാന്‍സര്‍ ദിനം- അതിജീവന കരുത്തിനെ ആദരിച്ച് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ്
കാവുംമന്ദം: മനക്കരുത്ത് കൊണ്ട് ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച്, ക്യാന്‍സര്‍ ബാധിതര്‍ അടക്കമുള്ള കിടപ്പ് രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന കാവുംമന്ദം സ്വദേശിനി ശാന്തി അനിലിനെ ലോക ക്യാന്‍സര്‍ ദിനത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പാലിയേറ്റീവ് പ്രസിഡന്‍റും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി പൊന്നാടയണിച്ചു. സെക്രട്ടറി എം ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.
2007 ല്‍ ജീവിതത്തില്‍ വില്ലനായി കടന്നു വന്ന ക്യാന്‍സിന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ നടത്തുകയും പിന്നീട് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ വെച്ച് കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ നടത്തുകയും ചെയ്തിരുന്നു. ഏകദേശം പത്ത് വര്‍ഷക്കാലം ചികിത്സകളും പരിശോധനകളും തുടര്‍ന്ന് ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയായി തൊഴില്‍ ചെയ്ത് ജീവിച്ചു വരുന്നു. അസുഖത്തിന് ശമനം വരുന്നതിന് മുമ്പ് തന്നെ കിടപ്പ് രോഗികള്‍ക്ക് ആശ്വാസമേകി ഒരു പാലിയേറ്റീവ് വളണ്ടിയറായി സേവനമനുഷ്ടിച്ച് തുടങ്ങിയിരുന്നു. ഇപ്പോള്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവിലെ സജീവ വളണ്ടിയറായി തുടരുന്നു. അതോടൊപ്പം സര്‍ക്കാര്‍ തല പാലിയേറ്റീവ് വളണ്ടിയര്‍ കൂട്ടായ്മയുടെ വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് കൂടിയാണ് ശാന്തി അനില്‍. ഭര്‍ത്താവ് അനില്‍, ഏക മകന്‍ അശ്വിന്‍.
പരിപാടിയില്‍ വളണ്ടിയര്‍മാരായ പി കെ മുസ്തഫ, പി അനില്‍കുമാര്‍, ജോര്‍ജ്ജ് ചെന്നലോട്, കെ ടി ഷിബു, ഫിസിയോതെറാപ്പിസ്റ്‌റ് സനല്‍രാജ്, ജൂലി ജോര്‍ജ്ജ്, ബീന അജു, ജെസ്സി സജി, സൂസി ബാബു, സൈന മുസ്തഫ, അജു തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.