കൊറോണാവൈറസ് മഹാമാരിക്ക് എതിരായ ഇന്ത്യയുടെ നടപടികളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. എന്നാല്‍ ഇതിന് പുറമെ മറ്റ് സുപ്രധാന നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ കേസുകള്‍ വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന മുന്നറിയിപ്പും ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ തന്നെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച നടപടികളെയാണ് ഡബ്യുഎച്ച്‌ഒ ഡയറക്ടര്‍ ടെഡ്രോസ് അദാനോം ഗെബ്രെയ്‌സിസ് പ്രശംസിച്ചത്.
‘ഇന്ത്യക്ക് അതിനുള്ള കഴിവുണ്ട്, ഇത് സുപ്രധാനമാണ്. ആദ്യഘട്ടത്തില്‍ തന്നെ ഇന്ത്യ നടപടികള്‍ കൈക്കൊള്ളുന്നത് മികച്ച കാര്യമാണ്. സ്ഥിതി ഗുരുതരമാകുന്നതിന് മുന്‍പ് വൈറലിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇത് സഹായിക്കും. 606 കേസുകള്‍ മാത്രമുള്ളപ്പോള്‍ മുളയിലേ നുള്ളാന്‍ കഴിയുന്നത് സുപ്രധാനമാണ്’, അദ്ദേഹം വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ കാലത്ത് സുപ്രധാനമായ മറ്റ് നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് ഇതില്‍ നിന്നും പുറത്തുകടക്കാന്‍ സാധിക്കൂവെന്ന് ഡബ്യുഎച്ച്‌ഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക് റയാന്‍ ചൂണ്ടിക്കാണിച്ചു. സുരക്ഷാ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗം തിരിച്ചുവരാനും വെല്ലുവിളി ഉയര്‍ത്താനും സാധ്യതയുണ്ട്. ഇന്ത്യക്ക് മികച്ച ശേഷിയുണ്ട്, കാര്യങ്ങള്‍ ചെയ്യണം. കേസുകള്‍ കണ്ടെത്താന്‍ സിസ്റ്റം ആവശ്യമാണ്. പരിശോധിക്കുന്നതിനൊപ്പം ചികിത്സാ സംവിധാനവും വര്‍ദ്ധിപ്പിച്ച്, ഐസൊലേറ്റ് ചെയ്ത് സമ്ബര്‍ക്കത്തില്‍ വന്നവരെ ക്വാറന്റൈന്‍ ചെയ്യണം’, റയാന്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ മുന്‍പ് പോളിയോ നിര്‍മ്മാര്‍ജ്ജനത്തിന് ഉള്‍പ്പെടെ സ്വീകരിച്ച നടപടികള്‍ ഉദാഹരണമായി മുന്നിലുണ്ടെന്ന് മൈക് റയാന്‍ ചൂണ്ടിക്കാണിച്ചു. ഗ്രാമീണ തലത്തിലേക്ക് ഇറങ്ങിച്ചെന്നാണ് ഇന്ത്യ പോളിയോയെ തുരത്തിയത്. ഈ രീതിയില്‍ ജില്ലകള്‍ തോറും നടപടി സ്വീകരിച്ച് നിരീക്ഷണവും, ആരോഗ്യസേവനവും നല്‍കിയാല്‍ അടച്ചുപൂട്ടലില്‍ നിന്നും മാറ്റമുണ്ടാകും, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ജില്ലാ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്.