ലോക കാഴ്ച ദിനം;ദിനാചരണവും വെബിനാറും ഇന്ന്

0 180

ലോക കാഴ്ച ദിനം;ദിനാചരണവും വെബിനാറും ഇന്ന്

ലോക കാഴ്ചദിനമായ ഒക്ടോബര്‍ എട്ട് ജില്ലയില്‍ വിവിധ പരിപാടികളോടെ ആചരിക്കും. ഇരുപത്തൊന്നാമത് ലോക കാഴ്ച ദിനമാണിത്. ‘കാഴ്ചയിലെ പ്രത്യാശ’ എന്നതാണ് ഈ  വര്‍ഷത്തെ വിഷയം. കണ്ണിനുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും അവ തടയാനുള്ള മാര്‍ഗങ്ങളെ കുറിച്ചും ബോധവത്കരണം നടത്തുകയാണ്  ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.   കുട്ടികളില്‍ ഉണ്ടാകുന്ന അണുബാധ, വിറ്റാമിന്‍ എ യുടെ അഭാവം, പോഷകാഹാരക്കുറവ്, മറ്റു കാഴ്ച വൈകല്യങ്ങള്‍ കൊണ്ടുണ്ടാകുന്ന കാഴ്ചക്കുറവ്, ജന്മനാ ഉണ്ടാകുന്ന തിമിരം  തുടങ്ങി കാഴ്ചയെ ബാധിക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചുമുള്ള ബോധവല്‍കരണമാണ് ദിനാചരണ ഭാഗമായി നടക്കുക. കുട്ടികളിലും ചെറുപ്പക്കാരിലും ഉണ്ടാകുന്ന അന്ധതയുടെ 75 – 80 ശതമാനം വരെ ഒഴിവാക്കാന്‍ കഴിയും.
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ  രണ്ടാമത്തെ വ്യാഴാഴ്ചയാണ് കാഴ്ചദിനമായി ആചരിക്കുന്നത്. കാഴ്ചദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ നാരായണ നായ്ക് നിര്‍വഹിക്കും . ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ പി കെ അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും.

അന്ധതയെ പ്രതിരോധിക്കാം; ഇങ്ങനെ
ഇലക്കറികളും മഞ്ഞയും ചുവപ്പും നിറത്തിലുള്ള പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പെടുത്തുക, പുകവലി ഒഴിവാക്കുക. അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍ സണ്‍ ഗ്ലാസ്  ധരിക്കുക, അപായ സാധ്യതയുള്ള ജോലികള്‍ ചെയ്യുമ്പോള്‍ സുരക്ഷാ ഗ്ലാസ് ഉപയോഗിക്കുക. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഓരോ 20 മിനിറ്റിനു ശേഷം ഇരുപത് സെക്കന്റ് നേരം അകലേക്ക്  നോക്കി ആയാസം കുറയ്ക്കുക. കണ്ണുകള്‍ തൊടുമ്പോഴും തിരുമ്മുമ്പോഴും കൈകള്‍ ശരിയായി കഴികിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക,  സ്ഥിരമായി കാഴ്ച പരിശോധന നടത്തുക, കണ്ണുരോഗങ്ങള്‍ക്ക് അങ്ങാടി മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുക, സ്ഥിരമായ വ്യായാമം ശരീരത്തിന്റെ മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തിനും അത്യാവശ്യമാണ്.