ദോഹ: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി ഖത്തര്‍. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനാന്‍, ദക്ഷിണ കൊറിയ, തായ്‌ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ് വിസക്കാര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതോടെ നാട്ടില്‍ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി.
സഊദി അറേബ്യ തിങ്കളാഴ്ച മുതല്‍ യുഎഇ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. യു.എ.ഇയെ കൂടാതെ കുവൈത്ത്, ബഹറൈന്‍, ഈജിപ്ത്, ഇറാഖ്, ലബനന്‍, ഇറ്റലി, ദക്ഷിണ കൊറിയ, സിറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് സഊദി വിലക്കേര്‍പ്പെടുത്തിയത്.കഴിഞ്ഞ ദിവസം ഇന്ത്യ ഉള്‍പെടെ ആറ് രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്കേര്‍പെടുത്തിയിരുന്നു. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്കേര്‍പെടുത്തിയത്.