കലാപമുണ്ടാക്കുന്നത് വികസന വിരോധികൾ;ഹാഥ്റസ് പ്രതിഷേധത്തിനെതിരെ യോഗി ആദിത്യനാഥ്

0 659

കലാപമുണ്ടാക്കുന്നത് വികസന വിരോധികൾ;ഹാഥ്റസ് പ്രതിഷേധത്തിനെതിരെ യോഗി ആദിത്യനാഥ്

ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒപ്പം പൊലീസുകാര്‍ക്ക് ചില ഉപദേശങ്ങളും നല്‍കി മുഖ്യമന്ത്രി. ട്വീറ്റിലാണ് യോഗി ആദിത്യനാഥിന്‍റെ പ്രതികരണം.

‘വികസന വിരോധികളാണ് സംസ്ഥാനത്ത് ഗോത്ര, സാമുദായിക കലാപങ്ങള്‍ ഉണ്ടാക്കുന്നത്. പ്രശ്‌നങ്ങളുണ്ടാക്കി രാഷ്ട്രീയ ലാഭം നേടാനാണ് അവര്‍ ഗൂഢാലോചന നടത്തുന്നത്. ഈ ഗൂഢതന്ത്രങ്ങളെ അതീവ ജാഗ്രതയോടെ മറികടന്ന് നമുക്ക് വികസന പാതയില്‍ കുതിച്ചുയരണം’ – എന്നാണ് യോഗിയുടെ ട്വീറ്റ്.

ഏത് വലിയ പ്രശ്നവും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് യോഗി ആദിത്യനാഥ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംസ്ഥാന പൊലീസ് അതീവശ്രദ്ധ പുലര്‍ത്തണമെന്ന ഉപദേശവും യോഗി നല്‍കി. അമ്മമാരുടെയും സഹോദരിമാരുടെയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെയും കാര്യത്തില്‍ പൊലീസ് സെന്‍സിറ്റീവായി ഇടപെടണമെന്നാണ് യോഗി ആദിത്യനാഥ് ട്വീറ്റില്‍ ആവശ്യപ്പെട്ടത്

യു.പി സര്‍ക്കാരും പൊലീസും ഹാഥ്റസ് കേസിലെ മേല്‍ജാതിക്കാരായ അക്രമികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് യു.പി മുഖ്യമന്ത്രിയുടെ പ്രതികരണം. പെണ്‍കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ 2 മണിക്ക് കുടുംബാംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് പൊലീസ് ഇടപെട്ട് സംസ്കരിച്ചതും വലിയ വിവാദമായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കാണാനെത്തിയ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും യു.പി പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയുമുണ്ടായി.

സ്ത്രീസുരക്ഷ ഉറപ്പാക്കാത്ത, ക്രമസമാധാനം തകര്‍ന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗി ആദിത്യനാഥിന് അര്‍ഹതയില്ലെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിലാണ്. കോണ്‍ഗ്രസ്, സിപിഎം, ഭിം ആര്‍മി നേതാക്കള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ഹാഥ്റസിലെ ദലിത് പെണ്‍കുട്ടി വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. മേല്‍ജാതിക്കാരായ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സെപ്തംബര്‍ 14നായിരുന്നു സംഭവം. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് അരിഞ്ഞുമാറ്റി. പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. സെപ്റ്റംബര്‍ 30ന് ഡല്‍ഹിയിലെ സഫ്ദര്‍ ജങ് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.