‘നിങ്ങള്‍ നിങ്ങളുടെ പണിയെടുക്കൂ, എന്റെ മുത്തച്ഛന് ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ട’; മോദിക്ക് ചുട്ടമറുപടിയുമായി രാഹുല്‍ ഗാന്ധി

0 683

ജവഹര്‍ലാല്‍ നെഹ്‌റുവിനേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അതിരൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ മറുപടിയുമായി രാഹുല്‍ ഗാന്ധി. ബിജെപിക്ക് കോണ്‍ഗ്രസിനെ ഭയമാണെന്ന് മോദിയുടെ വിമര്‍ശനം തെളിയിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് സത്യം പറയുന്നതിനാലാണ് ബിജെപിക്ക് ഭയം. പ്രധാനമന്ത്രി കോണ്‍ഗ്രസിനെക്കുറിച്ച് എന്ത് പറഞ്ഞാലും തങ്ങള്‍ അത് വിലക്കെടുക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ പണിയെടുക്കൂ എന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ പ്രധാനമന്ത്രിക്കുനേരെ തിരിച്ചടിക്കുകയായിരുന്നു.

തന്റെ മുത്തച്ഛന്‍ നെഹ്‌റുവിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു. നെഹ്‌റു തന്റെ ജീവിതം രാജ്യത്തിന് സമര്‍പ്പിച്ചയാളാണ്. സത്യം പറയുന്നത് കൊണ്ട് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിനെ ഭയമാണ്. അദ്ദേഹത്തിന്റെ ബിസിനസ് മുഴുവന്‍ നില്‍ക്കുന്നത് മാര്‍ക്കറ്റിംഗിലാണെന്നും രാഹുല്‍ പരിഹസിച്ചു.

പല ചരിത്ര സംഭവങ്ങളും സൂചിപ്പിച്ച് കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ ലോക്‌സഭയിലും രാജ്യസഭയിലും ഉന്നയിച്ചത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ രാജ്യത്ത് ജാതിവ്യവസ്ഥ ഇത്രയധികം പ്രബലമാകില്ലെന്നുള്‍പ്പെടെ മോദി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെടില്ലായിരുന്നു. ഇങ്ങനെയൊരു പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ പഞ്ചാബ് തീവ്രവാദ ഭീഷണിയാല്‍ വെന്തുരുകില്ലായിരുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് ഭരണപക്ഷത്തുവന്നാലും പ്രതിപക്ഷത്തായാലും കോണ്‍ഗ്രസ് ഭീഷണിയാണെന്ന തരത്തില്‍ കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്.

ഗോവയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കേണ്ടിയിരുന്ന ചരിത്ര ഘട്ടത്തില്‍ നെഹ്റു സ്വന്തം പ്രതിച്ഛായയെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടാണ് പെരുമാറിയതെന്നും മോദി വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഹൈദരാബാദിലും ജുനഗഡിലും സ്വീകരിച്ച നയങ്ങള്‍ ഗോവയിലും സ്വീകരിക്കാനായെങ്കില്‍ ഗോവയുടെ സ്വാതന്ത്ര്യത്തിനായി 15 വര്‍ഷക്കാലം കാത്തിരിക്കേണ്ടി വരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.