ഉളിക്കൽ കോക്കാട് ചെങ്കൽ ലോറി സ്കൂട്ടിയിലിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതരം

0 263

ഇരിട്ടി: ഉളിക്കൽ കോക്കാട് ചെങ്കല്ലു കയറ്റി വരികയായിരുന്ന ലോറിയും എതിരെ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ഉളിക്കൽ കോക്കാട് കോളനിയിലെ ഗോകുൽ ഗോപാലൻ (24) ആണ് മരിച്ചത്. സഹയാത്രികനും ബന്ധുവുമായ ബ്ലാത്തൂർ മണ്ണേരി കോളനിയിലെ വിഷ്ണു (23)വിനെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഉളിക്കൽ പയ്യാവൂർ റോഡിൽ ലിസ്കോ വായനശാലയ്ക്ക് സമീപം ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടം. നുച്ചിയാട് ഭാഗത്തു നിന്നും ചെങ്കല്ലുമായി വരികയായിരുന്ന ലോറി ഉളിക്കൽ ഭാഗത്തു നിന്നും കോക്കാട് ഭാഗത്തേക്കു വരികയായിരുന്ന സ്കൂട്ടിയുമായി ഇടിക്കുകയായിരുന്നു.

അപകടത്തിൽ തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ ഗോകുലിനെയും വിഷ്ണുവിനെയും നാട്ടുകാരും പൊലീസും ചേർന്ന് ഇരിട്ടിയിലും പിന്നീട് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഗോകുൽ മരണപ്പെടുകയായിരുന്നു.

കോക്കാട് കോളനിയിലെ ഗോപാലൻ്റെയും രജനിയുടെയും മകനാണ് മരണപ്പെട്ട ഗോകുൽ. സഹോദരങ്ങൾ: ഗോപിക ഗോപാലൻ, രഞ്ചിത്ത് ഗോപാലൻ. സംസ്കാരം പിന്നീട്.