കോപ ഇറ്റാലിയ കിരീടം ലക്ഷ്യമിട്ട് യുവന്റസും നപോളിയും ഇന്നിറങ്ങും

0 246

കോപ ഇറ്റാലിയ കിരീടം ലക്ഷ്യമിട്ട് യുവന്റസും നപോളിയും ഇന്നിറങ്ങും. ഇന്ന് രാത്രി 12.30 നാണ് കലാശപോരാട്ടം നടക്കുക. ഒളിമ്ബികോ സ്‌റ്റേഡിയത്തിലാണ് മത്സരം. കാണികള്‍ ഇല്ലായെങ്കിലും ഇന്നത്തെ മത്സരത്തിന് ആവേശം ഒട്ടും കുറവുണ്ടാകില്ല. സെമി ഫൈനലില്‍ ഇന്റര്‍ മിലാനെ മറികടന്നാണ് ഗട്ടുസോയുടെ നപോളി ഫൈനലിലേക്ക് ടിക്കെറ്റെടുത്തത്. രണ്ടാം പാദത്തില്‍ ഓരോ ഗോള്‍ വീതം അടിച്ച്‌ സമനിലയായിരുന്നെങ്കിലും ആദ്യ പാദത്തിലെ ഒരു ഗോളിന്റെ ലീഡിലായിരുന്നു നപോളി ഫൈനലിലേക്ക് കടന്നത്.

വന്‍ ടീമുകള്‍ക്ക് എതിരെ മികച്ച പ്രകടനം കാണിക്കുന്ന ഗട്ടുസോ മികവ് ഇന്ന് ആവര്‍ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. നേരത്തെ രണ്ടാം പാദത്തില്‍ കളിക്കാന്‍ സാധിക്കാതിരുന്ന ഹിഗ്വിനും ആരോണ്‍ റംസിയും ടീമിലേക്ക് മടങ്ങി എത്തുമ്ബോള്‍ വിജയ പ്രതീക്ഷ മുറുകെ പിടിക്കുകയാണ് നപോളി

അതേസമയം കഴിഞ്ഞ തവണ നഷ്ടമായ കോപ ഇറ്റാലിയ കിരീടം ഇത്തവണ തിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവന്റസ് ഇറങ്ങുക. സെമിയില്‍ എ സി മിലാന്‍ എന്ന കടമ്ബ വളരെ കഷ്ടപ്പെട്ട് മറി കടന്നാണ് യുവന്റസ് ഫൈനല്‍ എത്തിയത്. സാരി ഇറ്റലിയിലെ തന്റെ ആദ്യ കിരീടമാകും ലക്ഷ്യമിടുന്നത്. സെമിയില്‍ പെനാള്‍ട്ടി നഷ്ടപ്പെടുത്തിയതിന് വിമര്‍ശിക്കപ്പെട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇത് പ്രധാന ദിവസമാണ്. ആദ്യ പാദത്തില്‍ നേടിയ എവേ ഗോള്‍ പിന്‍ബലത്തിലാണ് യുവന്റസ് ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്.