വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

0 658

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കണ്ണൂരിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് കരിങ്കൊടി കാണിച്ചത്.

തിരുവനന്തപുരത്ത് നിന്നും കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി പിണറായിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ വിമാത്താവളത്തിന് പുറത്ത് റോഡിൽ കാത്തിരുന്ന യുവമോർച്ച പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ എത്തുകയായിരുന്നു.

സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്വകാര്യ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തേക്ക് തിരിക്കും.സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറും സ്വപ്ന സുരേഷും തുറന്നുവിട്ട പുതിയ വിവാദങ്ങൾക്ക് ഇടയിലേക്കാണ് മുഖ്യമന്ത്രി വന്നിറങ്ങിയത്.

സർക്കാരിനെ ബാധിക്കുന്ന പുതിയ ആരോപണങ്ങളിലും ലോകായുക്ത വിവാദങ്ങളിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും. സർവീസിലിരുന്ന് പുസ്തകം എഴുതിയതിൽ ശിവശങ്കറിനെതിരായ നടപടിയും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നേക്കും. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന മന്ത്രിസഭായോഗം നിയമസഭാ സമ്മേളനത്തിൻ്റെ തീയതിയും തീരുമാനിക്കും.