യുവനടിയെ അക്രമിച്ച കേസ്: നിര്‍ണായകമായി ഗീതുമോഹന്‍ദാസിന്റെയും സംയുക്ത വര്‍മയുടെയും വിസ്താരം ഇന്ന്

0 252

 

 

കൊച്ചി : യുവ നടിയെ ആക്രമിച്ച കേസില്‍ സിനിമാ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, നടി സംയുക്ത വര്‍മ്മ എന്നിവരെ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് വിസ്തരിക്കും. ഇവരോട് ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കുഞ്ചാക്കോ ബോബനെയും ഇന്ന വിസ്തരിക്കാനിരുന്നതാണ്. കുഞ്ചാക്കോ ബോബന്‍ സ്ഥലത്തില്ലാത്തതിനാല്‍ ഹാജരാകില്ല.

ക്വട്ടേഷന്‍ നല്‍കി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ ആരോപിച്ചിരുന്നു. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സാക്ഷിയായ നടി മഞ്ജു വാര്യരെ കോടതി ഇന്നലെ വിസ്തരിച്ചിരുന്നു. പ്രത്യേക കോടതിയില്‍ കേസിലെ പതിനൊന്നാം സാക്ഷിയായ മഞ്ജു വാര്യര്‍ക്ക് പുറമേ നടി ബിന്ദു പണിക്കര്‍,നടന്‍ സിദ്ദീഖ് എന്നിവരും വ്യാഴാഴ്ച സാക്ഷിവിസ്താരത്തിനായി എത്തിയിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് മഞ്ജുവിന്റെ വിസ്താരം പൂര്‍ത്തിയായത്.

പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം നീണ്ടുപോയതാണ് സാക്ഷി വിസ്താരം വൈകീട്ടുവരെ നീളാന്‍ ഇടയാക്കിയത്. ഇതോടെ ഇന്നലെ കോടതി വിസ്തരിക്കാന്‍ നിശ്ചയിച്ചിരുന്ന നടന്‍ സിദ്ദിഖ്, നടി ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി.

കേസില്‍ ദിലീപ് പ്രതിയാകുന്നതിനു മുന്‍പ് തന്നെ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പരിപാടിയില്‍ മഞ്ജു വാര്യര്‍ പരസ്യമായി പറഞ്ഞിരുന്നു. സാക്ഷി വിസ്താരത്തിനായി അടുത്ത ദിവസങ്ങളില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍,ഗായിക റിമി ടോമി എന്നിവരോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 18-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തില്‍ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കും.