യുവാവിനെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാരകൊണ്ട് ആക്രമിച്ചതായി പരാതി

0 157

 

പാറശ്ശാല: യുവാവിനെ കമ്ബിപ്പാരകൊണ്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ ആറയ്യൂര്‍ സുനില്‍ഭവനില്‍ സുനില്‍ ബി.എസ്. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സതേടി. സി.പി.എം. പൊറ്റയില്‍ക്കട ബ്രാഞ്ച് സെക്രട്ടറിയായ അനില്‍രാജ്‌ മര്‍ദിച്ചതായി യുവാവ് പാറശ്ശാല പോലീസിനു പരാതിനല്‍കി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.45-ഓടെ പാറശ്ശാലയ്ക്കു സമീപം പൊറ്റയില്‍ക്കടയില്‍വച്ചാണ് ബ്രാഞ്ച് സെക്രട്ടറി യുവാവിനെ കമ്ബിപ്പാരകൊണ്ട് മര്‍ദിച്ചത്. വെള്ളിയാഴ്ച രാത്രി സുനില്‍ പണികഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി പൊറ്റയില്‍ക്കട ജങ്ഷനില്‍ നില്‍ക്കവേ അനില്‍രാജ് പുറകിലൂടെയെത്തി ആക്രമിച്ചതായാണ് പരാതി.
ആക്രമണത്തില്‍ പരിക്കേറ്റ സുനിലിനെ പ്രദേശവാസികള്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തില്‍ യുവാവിന് കഴുത്തിലും കാലിലും പരിക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

എന്നാല്‍, പൊറ്റയില്‍ക്കട പ്രദേശത്ത് ചില യുവാക്കള്‍ സ്ഥിരമായി ആക്രമണം നടത്തിവരികയാണെന്ന് സി.പി.എം. ഉദിയന്‍കുളങ്ങര എല്‍.സി. സെക്രട്ടറി വിന്‍സെന്റ് പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി അനില്‍രാജിന്റെ വീടുകയറി ആക്രമിച്ച യുവാവിനെ അനില്‍രാജ് പിന്തുടര്‍ന്നുവരികയായിരുന്നുവെന്നും വിന്‍സെന്റ് അറിയിച്ചു.