വണ്ടിപ്പെരിയാറില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ യുവാവ് റിമാന്‍ഡില്‍
വണ്ടിപ്പെരിയാര്‍: വീട്ടമ്മയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ യുവാവ് റിമാന്‍ഡില്‍. ഡൈമുക്ക് കന്നിമാര്‍ചോല ബംഗ്ലാമൊട്ട പുതുവല്‍ സ്വദേശി രതീഷ് (28) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു.
കത്തിയുടെ പിടി കൊണ്ട് കഴുത്തില്‍ അടിച്ചു വീട്ടമ്മയെ ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നു പ്രതി മൊഴി നല്‍കി. ഇതിനിടെ വീട്ടമ്മ ഉണര്‍ന്നപ്പോള്‍ കത്തി കൊണ്ടു തലയ്ക്കു പിന്നില്‍ 3 തവണ വെട്ടി മരണം ഉറപ്പാക്കിയെന്നും ഇതിനു ശേഷം മൃതദേഹം വലിച്ചിഴച്ചു കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും മൊഴിയില്‍ പറയുന്നു. ഡൈമുക്ക് പുന്നവേലി വീട്ടില്‍ വിക്രമന്‍ നായരുടെ ഭാര്യ വിജയമ്മ (50) ആണു കൊല്ലപ്പെട്ടത്. രാത്രിയോടെയാണു വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയതും കൊലപാതകം എന്നു സ്ഥിരീകരിച്ചതും.
പക്ഷികളെ പിടിക്കുന്നതിനു മരത്തില്‍ കയറിയിരുന്ന രതീഷ്, മേയാന്‍ വിട്ട പശുവിനെ തിരിച്ചു കൊണ്ടുവരാന്‍ തേയിലത്തോട്ടത്തിലെ മൊട്ടക്കുന്നിലേക്കു നടന്നുപോകുന്ന വിജയമ്മയെ കണ്ടു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ ഒഴിവാക്കിയ ശേഷം രതീഷ് വിജയമ്മയെ ആക്രമിക്കുകയായിരുന്നു. തലയ്ക്കു പിന്നില്‍ കത്തി കൊണ്ടു വെട്ടിയപ്പോള്‍ രക്തം വാര്‍ന്നാണു വീട്ടമ്മ മരിച്ചത് എന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാന്‍ഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു